കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ പ്രവർത്തനരഹിതമായ കെട്ടിടമാണ് തകർന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അടച്ചിട്ട കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്. വാർഡ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. അപകടത്തിൽ രണ്ടുപേർക്ക് ചെറിയ പരിക്കേറ്റതായാണ് പ്രാഥമിക വിവരമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. കിഫ്ബിയിൽനിന്ന് പണം അനുവദിച്ച് പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിരുന്നു. പുതിയ കെട്ടിടത്തിലേക്കു മാറാനുള്ള നടപടികൾ സ്വീകരിച്ചുവരികയായിരുന്നു. ഷിഫ്റ്റിങ്ങ് സംബന്ധിച്ച തീരുമാനം രണ്ടാഴ്ച മുമ്പാണ് എടുത്തതെന്നും മന്ത്രി വീണ അറിയിച്ചു. പഴയ വസ്തുക്കൾ കൊണ്ടിടാൻ ഉപയോഗിച്ചിരുന്ന ഭാഗമാണ് തകർന്നതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.
കെട്ടിടം തകർന്നു വീണതറിഞ്ഞ് മന്ത്രിമാരായ വിഎൻ വാസവനും വീണാ ജോർജും ഉടൻ തന്നെ മെഡിക്കൽ കോളേജിലെത്തിയിരുന്നു. ഫയർഫോഴ്‌സ് അധികൃതരും, ഗാന്ധിനഗർ പോലീസും ഇടിഞ്ഞുവീണ സ്ഥലത്ത് പരിശോധന നടത്തുകയാണ്. മൂന്നുനില കെട്ടിടത്തിലെ പതിനാലാം വാർഡിലെ ഓർത്തോപീഡിക് സർജറി വിഭാഗം പ്രവർത്തിച്ചിരുന്ന ഭാഗമാണ് തകർന്നത്. രാവിലെ 10.45 ഓടെയായിരുന്നു അപകടം. രണ്ടു സ്ത്രീകളും അഞ്ചു വയസ്സുള്ള ഒരു കുട്ടിയുമാണ് കെട്ടിടം തകർന്നപ്പോൾ അവിടെയുണ്ടായിരുന്നതെന്നാണ് വിവരം. അപകടമുണ്ടായ ഉടൻ തന്നെ കുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പൊളിഞ്ഞു വീണതിന് സമീപത്തുള്ള ഭാഗത്ത് രോഗികളുടെ പായയും പാത്രങ്ങളും കിടക്കകളുമെല്ലാം ചിതറിക്കിടക്കുന്നത് കാണാം. ബലക്ഷയം കണ്ടെത്തിയതിനെത്തുടർന്ന് അടച്ചിട്ടിരുന്നഭാഗമാണ് ഇടിഞ്ഞതെന്ന് സൂപ്രണ്ടും പറഞ്ഞു.