കോട്ടയം: കോട്ടയം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം എത്രയും വേഗം പുനരാംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണമെന്ന് അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ ആവശ്യപ്പെട്ടു. പ്രവാസി കേരളാ കോണ്‍ഗ്രസ് എം ന്റെ നേതൃത്വത്തില്‍ അടച്ചുപൂട്ടിയ കോട്ടയം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന് മുന്‍പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജോണി ഏബ്രഹാം അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ ലോപ്പസ് മാത്യു, സംസ്ഥാന ഉന്നതാധികാരസമിതി അംഗം വിജി എം തോമസ്, സംസ്ഥാന കമ്മറ്റി അംഗം ഐസക് പ്ലാപ്പള്ളി, പ്രവാസി കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന പ്രസിഡന്റ് ഡോ ജോര്‍ജ് ഏബ്രഹാം, സെക്രട്ടറി തങ്കച്ചന്‍ പൊന്മാങ്കല്‍, ബിനോയി മുക്കാടന്‍, ജോര്‍ജ് കാഞ്ഞമല,മധു വാകത്താനം, ബാബുരാജ് ഉള്ളാട്ടില്‍, കുര്യാച്ചന്‍ ഭരണകാലാ, ബിജു എന്നംബ്രയില്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് സംസ്ഥാന കമ്മറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടയം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പുനരാരംഭിക്കുന്ന നടപടികള്‍ ഉടന്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ട്രഷറര്‍ ഡോ ബ്ലസ്സന്‍ എസ് ഏബ്രഹാം അവതരിപ്പിച്ച പ്രമേയം കമ്മറ്റി പാസ്സാക്കി തോമസ് ചാഴികാടന്‍ എം പി ക്ക് സമര്‍പ്പിച്ചു. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം, കോട്ടയത്തു നിന്നും മാറ്റിയതിനു പിന്നില്‍ ബിജെപിയുടെ അജണ്ടയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം മാറ്റിയതോടെ സാധാരണക്കാരായ ആളുകളാണ് വലിയ ബുദ്ധിമുട്ട് നേരിടുന്നത്. ഇവര്‍ക്ക് നിലവില്‍ എറണാകുളത്ത് പോയി മാത്രമേ പാസ്‌പോര്‍ട്ട് അടക്കമുള്ള സേവനങ്ങള്‍ ലഭിക്കുകയുള്ളൂ. ഈ സാഹചര്യം ഒഴിവാക്കാന്‍ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ അടക്കമുള്ളവര്‍ ഇടപെടുന്നില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതോടെയാണ് പ്രവാസി കേരള കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്.