തിരുവനന്തപുരം: കോട്ടയം ഗവണ്‍മെന്റ് നഴ്‌സിങ് കോളജിന്റെ ഹോസ്റ്റലില്‍ നടന്നത് വന്യമൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന ക്രൂരതയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. വിദ്യാര്‍ഥികളോട് ഇവര്‍ റാഗിങ്ങെന്ന പേരില്‍ ചെയ്തത് ചങ്കു തകര്‍ക്കുന്ന ക്രൂരതകളാണ്. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്നു മനസിലാകുന്നില്ല. മനുഷ്യത്വം നഷ്ടപ്പെട്ട് മൃഗതുല്യരായി മാറുകയാണ് ഒരു വിഭാഗം. എന്നിട്ട് ക്രൂരതകളുടെ വീഡിയോ എടുത്തു രസിക്കുന്നു. സിപിഎം അനുകൂല വിദ്യാര്‍ഥി സംഘടനയുടെ സംസ്ഥാന സെക്രട്ടറി അടക്കമാണ് ക്രൂരമായ റാഗിങ്ങിന് അറസ്റ്റിലായിരിക്കുന്നത്. സിപിഎമ്മിന്റെ വിദ്യാര്‍ഥി സംഘടനാ നേതാക്കളായി മനുഷ്യത്വം മരവിച്ചവരെയാണ് കൊണ്ടുവരുന്നത്. ഇവരൊക്കെ നാളെ നാടിനെ നയിക്കാന്‍ തുടങ്ങിയാലുള്ള അവസ്ഥ ഊഹിക്കാന്‍ പോലുമാകുന്നില്ല. വയനാട് വെറ്റിനറി കോളജിലെ സിദ്ധാര്‍ഥ് എന്ന വിദ്യാര്‍ഥിയെ അതിക്രൂമായി റാഗ് ചെയ്തു എസ്എഫ്‌ഐ ഗുണ്ടാ സംഘം കൊന്നു കളഞ്ഞതിന്റെ ചോരയുണങ്ങും മുമ്പാണ് മറ്റൊരു സിപിഎം വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ കോട്ടയത്തത് സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിരിക്കുന്നത്. ഇത് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലായിരുന്നെങ്കില്‍ വീണ്ടും വിദ്യാര്‍ഥികള്‍ മരിച്ചു വീണേനെ.
ഈ ക്രൂരന്മാരായ കുറ്റവാളികളെ വെറുതെ വിടാന്‍ പാടില്ല. ഇവര്‍ക്കു ഏറ്റവും കടുത്ത ശിക്ഷ തന്നെ നല്‍കണം. സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളില്‍ റാഗിങ്ങിനെതിരെ ശക്തമായ നീക്കം നടത്തണം. ആന്റി റാഗിങ് സ്‌ക്വോഡുകള്‍ രൂപീകരിക്കണം. കുറ്റക്കാരെ ഉടനടി കോഴ്‌സുകളില്‍ നിന്നും പുറത്താക്കണം. സ്‌കൂളുകളില്‍ പോലും ഇത്തരം കൊടുംക്രൂതകള്‍ നടക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. അടുത്തിടെ കൊച്ചിയിലെ സ്‌കൂളില്‍ ഒമ്പതാംക്‌ളാസുകാരന്‍ ആത്മഹത്യ ചെയ്തത് ഇതേപോലെ പീഡനത്തിന്റെ ഫലമണ്. ശക്തമായ നടപടികള്‍ വേണം. ഇനി ക്യാമ്പസുകളില്‍ ചോര വീഴരുത് – രമേശ് ചെന്നിത്തല പറഞ്ഞു