റാന്നി: വിശ്വഗുരുവായ ശ്രീ നാരായണ ഗുരുവിനെ സാമൂഹിക പരിഷ്കർത്താവായി ചുരുക്കപ്പെടുന്നെനും ഗുരുവിനെപ്പറ്റി പഠിക്കാനും അറിയാനും ആരും തന്നെ ശ്രമിക്കുന്നുമില്ലെന്നും കോട്ടയം സജീഷ് മണലേൽ പറഞ്ഞു. 29-ാമത് മാടമൺ ശ്രീനാരായണ കൺവെൻഷൻ്റെ രണ്ടാം ദിവസമായ ഇന്നലെ രാവിലെ അനുകമ്പാ മൂർത്തിയുടെ അനശ്വരപദങ്ങളിലൂടെ എന്ന വിഷയത്തിൽ പഠന ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം. കരയിൽ നിന്ന് കണ്ടവർ സാഗരം കണ്ടെന്നു പറയുമ്പോഴും സാഗരം മുഴുവനായി കണ്ടു എന്ന് അർത്ഥമില്ല. അതുപോലെയാണ് ശ്രീ നാരായണ ഗുരുവിനെപ്പറ്റി നാം മനസ്സിലാക്കുന്നതും. സാമൂഹികമായി ഒരു ജനതയെ മാത്രം കൈപിടിച്ച് ഉയരങ്ങളിലേക്ക് നടത്തുക മാത്രമല്ല ഗുരു ചെയ്തിട്ടുള്ളത് മറിച്ചു ഗുരുവിനെ ആഴങ്ങളിൽ അറിയാൻ ശ്രമിക്കുന്ന ഏതൊരുവനെയും ജാതി, മത, വർഗ്ഗ, വർണ്ണങ്ങൾ വ്യത്യാസമില്ലാതെ ഉന്നയിലേക്ക് എത്തിക്കുന്ന വിശ്വപുരുഷനാണ് ശ്രീ നാരായണ ഗുരുദേവനെന്നും അദ്ദേഹം വ്യക്തമാക്കി.
രാവിലെ 7 ന് ഗുരുഭഗവത പാരായണം, 8.30 ന് ഗുരുപുഷ്പാഞ്ജലി, 9 മുതൽ 10.30 വരെ ഇടക്കുളം 606 വനിതാസംഘതിന്റെ നേതൃത്വത്തിൽ സമൂഹ പ്രാർത്ഥന നടന്നു. 10.30 ന് ശേഷമാണ് പഠനക്ലാസ് ആരംഭിച്ചത്. ഉച്ചക്ക് ശേഷം ഗുരുദേവ കൃതികളിലൂടെ കുടുംബ ജീവിതം എന്ന വിഷയത്തിൽ ഓമന സന്തോഷ് കോട്ടയം ഗുരുസേവാനികേതൻ പഠനക്ലാസ് നയിച്ചു ശേഷം വൈകിട്ട് 4 ന് ഇടക്കുളം 606 വനിതാസംഘതിന്റെ നേതൃത്വത്തിൽ വേദിയിൽ തിരുവാതിര അരങ്ങേറി. വൈകിട്ട് 5 ന് ഗുരുപുഷ്പാഞ്ജലി, 6 ന് ദീപാരാധന എന്നിവക്ക് ശേഷം 7 ന് മണിയമ്മ മന്ദമരുതി അവതരിച്ച കുമാരനാശാൻ എന്ന കഥാ പ്രസംഗവും അരങ്ങേറി.