കൊട്ടിയം : കാമുകന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടിയെ വീണ്ടും ചോദ്യം ചെയ്യും. കൊട്ടിയം സ്വദേശിനി റംസി (24) കഴിഞ്ഞയാഴ്ചയാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് റംസിയുടെ കാമുകന്‍ പള്ളിമുക്ക് ഇക്ബാല്‍ നഗര്‍ സ്വദേശി ഹാരിസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഹാരിസിന്റെ അമ്മ ആരിഫയെയും ജ്യേഷ്ഠന്റെ ഭാര്യയായ സീരിയല്‍ നടി ലക്ഷമി പ്രമോദിനെയെയും പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. നടിയാണ് റംസിയെ വീട്ടില്‍ നിന്നും വിളിച്ചു കൊണ്ടുപോയിരുന്നതെന്നും ഹാരിസിനോടൊപ്പം പുറത്ത് പോകാന്‍ അവസരം ഒരുക്കിയതെന്നും റംസിയുടെ വീട്ടുകാര്‍ ആരോപിച്ചിരുന്നു. റംസിയെ ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കിയത് സീരിയല്‍ നടിയുടെ നേതൃത്വത്തിലാണെന്നും കുടുംബം ആരോപിക്കുന്നു.
കഴിഞ്ഞദിവസം ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെങ്കിലും നടിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാനാണ് തീരുമാനം. ഹാരിസുമായി പ്രണയമായിരുന്ന കാര്യം സീരിയല്‍ നടി സമ്മതിച്ചു. എന്നാല്‍ മരണത്തില്‍ തനിക്ക് പങ്കില്ലെന്നാണ് നടി പോലീസിനോട് പറഞ്ഞത്. എന്നാല്‍ ആശുപത്രിയിലെ സിസിടിവിയില്‍ നടിയും കൂട്ടരും റംസിയുമായി എത്തിയ ദൃശ്യങ്ങള്‍ അന്വേഷണസംഘത്തിന് കിട്ടിയതായാണ് സൂചന. ഗര്‍ഭം അലസിപ്പിക്കാന്‍ കൂട്ടു നിന്ന കുറ്റത്തിന് നടിയുടെ അറസ്റ്റിന് സാധ്യത ഏറെയാണ്. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ഹാരിസിന്റെ മാതാവിനെതിരെയും നടപടിയുണ്ടാകും.
പ്രതി ഹാരിസിന്റെ സഹോദരന്റെയും ഭാര്യയായ സീരിയല്‍ നടിയുടെയും മാതാപിതാക്കളുടെയും മൊഴി വീണ്ടുമെടുക്കും. അന്വേഷണത്തിനായി കൊട്ടിയം കണ്ണനല്ലൂര്‍ സിഐമാര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘത്തെ ചാത്തന്നൂര്‍ എസിപി നിയോഗിച്ചു. ഒന്‍പതംഗ സംഘത്തില്‍ രണ്ടു വനിതാ ഉദ്യോഗസ്ഥരും സൈബര്‍ വിദഗ്ധരുമുണ്ട്.
ആത്മഹത്യാപ്രേരണ, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതി ഹാരിസിനെതിരെ ചുമത്തിയിട്ടുള്ളത്. ഹാരിസും റംസിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴിഞ്ഞതാണ്. സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഹാരിസ് പെണ്‍കുട്ടിയെ ഒഴിവാക്കിയെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നുമാണ് പരാതി.