പത്തനംതിട്ട : കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി വീടുകളില്‍ കഴിഞ്ഞിരുന്ന നാലുപേര്‍ക്കു രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അവരെ ആശുപത്രിയില്‍ ഐസലേഷനില്‍ പ്രവേശിപ്പിച്ചതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. വിദേശത്തു നിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടുപേര്‍, അമേരിക്കയില്‍ നിന്നെത്തിയ വ്യക്തി, പൂനെയില്‍ നിന്നെത്തിയ വ്യക്തി എന്നിവരെയാണ് ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. ഇവര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിലും വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാണിക്കുന്നില്ല. മൂന്നുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലുമാണു പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതോടെ ജില്ലയില്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 19 ആയി.
ഇന്ന്(മാര്‍ച്ച് 21) ഇതുവരെ പുതിയ പരിശോധനാ ഫലങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ട ചിലര്‍ പുറത്തിറങ്ങി നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരേ നിയമ നടപടി എടുക്കും. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം ആളുകള്‍ കൂടുന്നതിനെതിരെ ഒരു നിര്‍ദേശം ഇന്ന് പുറത്തിറക്കും. ചിലസ്ഥലങ്ങളില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടുന്നതായും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചില സ്വകാര്യസ്ഥാപനങ്ങളും സ്‌കൂളുകളും ഉള്‍പ്പെടെ നിര്‍ദേശം ലംഘിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള പരാതികള്‍ വിവിധങ്ങളായി തരംതിരിച്ച് നടപടികള്‍ എടുക്കും. ഡിസാസ്റ്റര്‍ മാനേജ്‌മെറ്റ് ആക്ട് പ്രകാരം ആരാധനാലയങ്ങളില്‍ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍പേര്‍ കൂടാന്‍ പാടുള്ളതല്ലെന്ന് നിര്‍ദേശം നല്‍കുമെന്നും ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു.