ദോഹ.: ഇന്ത്യയുള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍ വിലക്ക് ഏര്‍പ്പെടുത്തി കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ബംഗ്ലാദേശ്, ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാന്, ഇറാക്ക്, ലബനന്, നേപ്പാള്‍, പാക്കിസ്ഥാന്, ഫിലിപ്പൈന്‍സ്, ദക്ഷിണ കൊറിയ, ശ്രീലങ്ക, സിറിയ, തായ്ലന്ഡ് എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് താല്‍ക്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതെന്നും കൊറോണ വൈറസ് ബാധ വ്യാപിക്കാതിരിക്കാനുള്ള ഭാഗമാണ് വിലക്കെന്നും അധികൃതര്‍ അറിയിച്ചു. എല്ലാ യാത്രക്കാര്‍ക്കും വിലക്ക് ബാധകമായതിനാല്‍ താമസ വീസ, വിസിറ്റ് വീസ, വര്‍ക്ക്പെര്‍മിറ്റ്, താല്‍ക്കാലിക വീസ എന്നിവ ഉള്ളവര്‍ക്ക് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഖത്തറില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. ഇതോടെ അവധിക്ക് നാട്ടില്‍ എത്തിയ പതിനായിരക്കണക്കിന് മലയാളികള്‍ അടക്കമുള്ളവരുടെ മടക്കയാത്ര നീളും.
സൗദി അറേബ്യയിലേക്കു പ്രവേശിക്കുന്നതിനു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. കോവിഡ്-19 ബാധിച്ചിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. കോവിഡ് ബാധിച്ച രാജ്യങ്ങളില്‍ നിന്നും ആദ്യം സൗദിയില്‍ എത്തുന്നവര്‍ക്കും റീ എന്‍ട്രി വീസയില്‍ എത്തുന്നവര്‍ക്കും ഇതു ബാധകമാണ്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സൗദി എംബസിയോ കോണ്‍സുലേറ്റുകളോ അംഗീകരിച്ചിട്ടുള്ള ആരോഗ്യകേന്ദ്രങ്ങളില്‍നിന്നു മാത്രമേ എടുക്കാവൂ. 24 മണിക്കൂറില്‍ കൂടുതല്‍ പഴക്കമുള്ളതാകാന്‍ പാടില്ല. യുഎഇ, കുവൈറ്റ്, ബഹ്റിന് എന്നിവിടങ്ങ ളില്‍നിന്നു റോഡ് മാര്‍ഗം സൗദിയില്‍ പ്രവേശിക്കുന്നതും താത്കാലികമായി വിലക്കിയിട്ടുണ്ട്.
നാല് പേര്‍ക്കു കൂടി കൊവിഡ് 19 വൈറസ് ബാധ സൗദിയില്‍ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 11 ആയി. രോഗം സ്ഥിരീകരിച്ച 11 പേരും കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ നിന്നുള്ളവരായതിനാല്‍ ഇവിടേക്ക് വരുന്നതിനും പുറത്തു പോകുന്നതിനും താത്കാലിക വിലക്കേര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ പ്രദേശത്തെ സ്കൂളുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളും താല്‍ക്കാലികമായി അടച്ചു. ഗ്യാസ് സ്റ്റേഷനുകളും ഫര്‍മാസികളും ആശുപത്രികളും ഉള്‍പ്പെടെയുള്ള അത്യാവശ്യ സേവന മേഘലകള്‍ പ്രവര്‍ത്തിക്കുന്നതാണ്. നിലവില്‍ ഖത്തീഫിന് പുറത്തുള്ള ഇവിടുത്തെ താമസക്കാര്‍ക്ക് തിരിച്ചു വീട്ടിലേക്ക് വരുന്നതിന് തടസമില്ല.
രോഗബാധ തടയാനായി വാണിജ്യ കേന്ദ്രങ്ങളും ഷോപ്പിംഗ് മാളുകളും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ട്രോളികള്‍ അണുവിമുക്തമാക്കുന്നതിനും ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ഉപയോഗത്തിനായി അണുനശീകരണ സംവിധാനം ഒരുക്കുന്നതിനും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് റിയാദ് നഗരസഭ കര്‍ശന നിര്‍ദ്ദേശം നല്‍കി. വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാരുടെ പഞ്ചിംഗ് സംവിധാനവും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. അതേസമയം മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പള്ളികളിലെ കാര്‍പെറ്റുകള്‍ പതിവായി അണുവിമുക്തമാക്കുന്നതിനു ഇസ്ലാമികകാര്യ മന്ത്രാലയവും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും തിങ്കളാഴ്ച മുതല്‍ അവധി പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിദ്യാലയങ്ങള്‍ താല്‍ക്കാലികമായി അടക്കുകയാണെന്ന് വിദ്യഭ്യാസ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.