കോന്നി : കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ രണ്ടാം തവണയാണ് അരുവാപ്പുലം പഞ്ചായത്തിലെ ഊട്ടുപാറ കോഴഞ്ചേരി മുരുപ്പിൽ ആട് പുലിയുടെ ആക്രമണത്തിൽ ചാവുന്നത്. ഇപ്പോൾ ആടിനെ പുലി പിടിച്ചതിന് നൂറ് മീറ്റർ ദൂരം വ്യത്യാസത്തിൽ ആണ് പുലി അന്ന് ആടിനെ പിടിച്ചതും. പുലിയുടെ സാന്നിധ്യം പതിവായത്തോടെ ഭീതിയിലാണ് ഇവിടുത്തെ ആളുകൾ. രണ്ട് സ്ഥലങ്ങളിലും ക്യാമറകൾ സ്ഥാപിച്ചിട്ടും പുലി ക്യാമറയിൽ പതിയാതെ വന്നതോടെ വനം വകുപ്പ് അധികൃതർ പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ചില്ല.
തുടർച്ചയായി ഉണ്ടാകുന്ന പുലിയുടെ ആക്രമണത്തിൽ ഭീതിയിലായ പ്രദേശവാസികൾ കൂട് സ്ഥാപിക്കണം എന്ന ആവശ്യമാണ് മുന്നോട്ട് വെക്കുന്നത്. പ്രദേശത്തെ റബ്ബർ തോട്ടങ്ങളിൽ വളർന്ന് നിൽക്കുന്ന അടിക്കാടുകളും പുലി അടക്കമുള്ള വന്യ ജീവികൾ നാട്ടിലേക്ക് ഇറങ്ങുന്നതിന് കാരണമാകുന്നുണ്ട്. ഇത് തെളിക്കുവാൻ ബന്ധപ്പെട്ട ഉടമകൾക്ക് കത്ത് നൽകേണ്ടതും ആവശ്യമാണ്. മാത്രമല്ല കന്നുകാലികളെയും മറ്റും വളർത്തി ജീവിക്കുന്ന സാധാരണക്കാരായ കർഷകരാണ് കൂടുതലും. നിരവധി കർഷകർക്കാണ് വന്യ ജീവികളുടെ അക്രമണത്തിൽ വളർത്ത് മൃഗങ്ങളെ നഷ്ടപെട്ടത്.