കോഴിക്കോട് : കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിക്ക് സസ്പെൻഷൻ. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് ജഡ്ജി എം സുഹൈബിനെ സസ്പെൻഡ് ചെയ്ത് നടപടി സ്വീകരിച്ചിരിക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം. കഴിഞ്ഞയാഴ്‌ചയാണ് കോടതിയിലെ ഓഫീസ് അസിസ്റ്റന്റിനോട് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ജഡ്ജി സുഹൈബ് പെരുമാറിയത്. സംഭവത്തിന്റെ അടിസ്ഥാനത്തിൽ നേരത്തെ ജഡ്‌ജിയെ വടകരയിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ സുഹൈബിനെ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റിയതിനെ ചൊല്ലി കോർട്ട് ഓഫീസർമാർക്ക് ഇടയിൽ ഉൾപ്പെടെ എതിർപ്പുണ്ടായിരുന്നു. കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശക്തമായ നടപടി സ്വീകരിച്ചിരിക്കുന്നത്. ഈ സംഭവത്തിൽ യുവതി ഇതുവരേയും രേഖാമൂലം പരാതി നൽകിയിരുന്നില്ല.
എന്നാൽ മുമ്പ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ ഉൾപ്പെടെ പരാതിയില്ലെങ്കിലും കേസെടുത്ത് മുന്നോട്ട് പോകണമെന്ന് ഹൈക്കോടതി തന്നെ നിർദേശിച്ചിരുന്നു. സമാനമായ രീതിയിലാണ് ഇപ്പോൾ കോഴിക്കോട് സംഭവത്തിൽ അഡ്മിനിസ്ട്രേറ്റീവ് സമിതി നടപടി സ്വീകരിച്ചിരിക്കുന്നത്. ജീവനക്കാരിയോട് മോശമായി പെരുമാറിയ സംഭവം ജുഡീഷ്യറിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്ന് ചീഫ് ജസ്റ്റിസിന്റെ
അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തുകയായിരുന്നു. ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ നൂറിലധികം വരുന്ന കോടതി ജീവനക്കാർ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്‌ജിയെ നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചിരുന്നു. പ്രതിഷേധക്കാരിൽ ഭൂരിപക്ഷവും വനിതാ ജീവനക്കാരായിരുന്നു. കോടതി മുറിയിൽ നടന്ന സംഭവം നിയമവൃത്തങ്ങളെ പോലും ഞെട്ടിച്ചിരിക്കുകയാണ്. സാധാരണക്കാരന് നീതി നടപ്പിലാക്കേണ്ട കോടതിമുറിയിൽ പോലും ഇത്തരം സംഭവങ്ങളുണ്ടാകുന്നതിൽ വലിയ ആശങ്കയാണ് ഉയർന്നതും.