കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ കേന്ദ്രസംഘത്തിന്റെ നിര്‍ദേശം. സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ എത്തിയ സംഘമാണ് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയത്. കൊവിഡ് പരിശോധന വര്‍ധിപ്പിക്കാനും ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുന്നത് വേഗത്തില്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശമുണ്ട്.
കൂടുതല്‍ വാക്‌സിന്‍ വേണമെന്ന ആവശ്യവും ജില്ലാ ഭരണകൂടം കേന്ദ്രസംഘത്തിന് മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സെല്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോക്ടർ പി.രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട് സന്ദര്‍ശനം നടത്തിയത്. കളക്ടറേറ്റിലെ സന്ദര്‍ശനത്തിന് ശേഷം സംഘം മെഡിക്കല്‍ കോളജിലുമെത്തി സാഹചര്യം വിലയിരുത്തി.