ദില്ലി: ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്ക്യൂട്ടീവ് ട്രെയിനിലുണ്ടായ ആക്രമണം ഗൗരവതരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിക്കുമെന്നും കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷണവ് വ്യക്തമാക്കി. ആസൂത്രമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ സംഭവത്തില്‍ എന്‍ഐഎയും അന്വേഷണം നടത്തുമെന്നും അശ്വിനി വൈഷണവ് അറിയിച്ചു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സ്ഥലത്തെത്തി വിവരങ്ങള്‍ തേടിയതായും കേന്ദ്ര മന്ത്രി വിശദീകരിച്ചു. ട്രെയിനിലെ ആക്രമണം ആസൂത്രിതമെന്നാണ് ലഭിക്കുന്ന സൂചനകളില്‍ നിന്നും വ്യക്തമാകുന്നത്, പ്രതിയുടെ ആക്രമണ രീതിയെയും രക്ഷപ്പെട്ട രീതിയേയും ഗൗരവമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കാണുന്നത്.
അതേസമയം ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയതെന്ന് കരുതുന്ന നൗഫീക്കിന്റെയും റഹ്മത്തിന്റെയും ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി. ഇരുവരുടേയും ശരീരത്തില്‍ പൊള്ളലേറ്റ പാടുകളില്ല. തലക്ക് പിന്നില്‍ മുറിവേറ്റിട്ടുണ്ട്. ശരീരത്തിലെ പരുക്ക് ട്രെയിനില്‍ നിന്ന് വീണുണ്ടായതാണെന്നാണ് നിഗമനം. മരിച്ച രണ്ട് വയസുകാരി സഹറയുടെ ഇന്‍ക്വസ്റ്റ് പുരോഗമിക്കുകയാണ്. തീവെപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ പുറത്തേക്ക് ചാടിയ മൂന്ന് പേരെയാണ് ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മട്ടന്നൂര്‍ സ്വദേശി റഹ്മത്ത്, സഹോദരീ പുത്രി ചാലിയം സ്വദേശി ശുഹൈബ് സഖാഫിയുടെ മകള്‍ രണ്ട് വയസുകാരി സഹറ, മട്ടന്നൂര്‍ സ്വദേശി നൗഫിക് നൗഫിക്ക് എന്നിവരാണ് മരിച്ചത്.