കോഴിക്കോട്: ആലപ്പുഴ – കണ്ണൂര്‍ എക്സിക്യുട്ടിവ് എക്സ്പ്രസ് ട്രെയിനില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി ഡിജിപി അനില്‍ കാന്ത്. ക്രമസമാധാന ചുമതല ഉള്ള എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കും. സംഭവത്തെക്കുറിച്ച് നിര്‍ണായക തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി. അതേസമയം തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പോലീസ് പുറത്തിവിട്ടു. മുഖ്യസാക്ഷിയായ റാസിഖ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്. പ്രതി ഇതര സംസ്ഥാന തൊഴിലാളിയെന്ന സൂചനയിലൂന്നിയാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം പ്രതിയെന്ന് സംശയിക്കുന്നയാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതായി വിവരം. പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് ഇന്ന് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ്, രേഖാചിത്രത്തിലെ ആളുടെ രൂപസാദൃശ്യമുള്ള വ്യക്തി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയതായി പോലീസിന് വിവരം ലഭിച്ചത്. പ്രതിയുടേതെന്ന് കരുതുന്ന ഒരു ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ട്രാക്കില്‍ നിന്നും കണ്ടെത്തിയിരുന്നു. പെട്രോള്‍ അടങ്ങിയ കുപ്പി, സ്ഥലപ്പേരുകളുടെ കുറിപ്പ്, ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ ദിനചര്യ കുറിപ്പ്, ഇയര്‍ഫോണും കവറും, രണ്ട് മൊബൈല്‍ ഫോണുകള്‍, ഭക്ഷണമടങ്ങിയ ടിഫിന്‍ ബോക്സ്, പാക്കറ്റിലുള്ള ലഘുഭക്ഷണം, പഴ്സ്, ടീ ഷര്‍ട്ട്, തോര്‍ത്ത്, കണ്ണട, കപ്പലണ്ടി മിഠായി എന്നിവയാണ് ബാഗില്‍ നിന്ന് കണ്ടെത്തിയത്.