കോഴിക്കോട് : നിപായെ പ്രതിരോധിക്കാൻ ഒരാഴ്‌ചക്കിടെ നടത്തിയ യുദ്ധകാല ക്രമീകരണങ്ങൾക്കിടയിലും താളം തെറ്റാതെ കോവിഡ് പ്രതിരോധം. പരിശോധന, കോൺടാക്ട് ട്രേസിങ്, ആംബുലൻസ് സംവിധാനം, ഓക്‌സിജൻ വാർ റൂം തുടങ്ങിയ സേവനങ്ങളൊന്നും മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകുകയാണ് കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കോവിഡ് കൺട്രോൾ റൂം.
സെപ്‌തംബർ നാലിന് ശനിയാഴ്‌ച രാത്രിയോടെയാണ് ജില്ലയിൽ നിപാ സ്ഥിരീകരിച്ചത്. യുദ്ധകാലാടിസ്ഥാനത്തിൽ നിപാ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. നിപായിൽ മുൻപരിചയമുള്ള ചില ഡോക്ടർമാരെ ഇതിലേക്ക് മാറ്റി. ഇവരെ സഹായിക്കാൻ 45 ജീവനക്കാരെയും അനുവദിച്ചു.
കോവിഡ് കൺട്രോൾ റൂമിലും പരിചയസമ്പന്നരായ ഡോക്ടർമാർക്ക് തന്നെയാണ് ചുമതല. ഇവരെ സഹായിക്കാൻ 21 ജീവനക്കാരുമുണ്ട്. പരിശോധന, ഹോം ഐസൊലേഷൻ, ഗുരുതരാവസ്ഥയിലാകുന്ന രോഗികളെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് ലഭ്യമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് കോവിഡ് കൺട്രോൾ റൂമിൽ നേതൃത്വം. ദിവസ പരിശോധന ഈ മാസം കൂടുതൽ(17047) നടന്നത് നിപാ സ്ഥിരീകരിച്ച ശേഷമുള്ള ബുധനാഴ്‌ചയായിരുന്നു. രോഗികളെ വിളിക്കൽ, ടെലിമെഡിസിൻ തുടങ്ങിയ കാര്യങ്ങൾ അതത് തദ്ദേശസ്ഥാപനങ്ങളിലെ കൺട്രോൾ റൂം വഴി നേരിട്ടാണ് നടത്തുന്നത്.
കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും ഈ മാസം ആദ്യം മുതൽ മരണത്തിന്റെ കണക്കിൽ നേരിയ വർധനവുണ്ടായി. നിപയെ തുടർന്ന് കോവിഡ് കൺട്രോൾ റൂം പ്രവർത്തനം താറുമാറായതാണ് ഇതിന് കാരണമെന്നാണ് ചില കേന്ദ്രങ്ങളുടെ ആരോപണം. ഇത് വാസ്‌തവ വിരുദ്ധവും വിഡ്ഢിത്തവുമാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. മാത്രമല്ല അതാത് ദിവസത്തെ മരണമല്ല റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വിവിധ ആശുപത്രികളിൽ നടന്ന മരണം ഏഴ് ദിവസം വരെ കഴിഞ്ഞും റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ഇവർ വ്യക്‌തമാക്കി.
ഓണത്തിന് ശേഷം ആഗസ്‌തിൽ വലിയ രീതിയിലായിരുന്നു രോഗവ്യാപനം. ഇതും മരണനിരക്ക് കൂടാനിടയായിട്ടുണ്ട്. മെഡിക്കൽ കോളേജിൽ അന്ന് ചികിത്സ തേടിയവരിൽ ചിലർ കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചു. കോവിഡ് ബാധിച്ച് സെപ്‌തംബർ ആറിന് മരിച്ച ആറ് പേരും ആഗസ്‌ത് 22 മുതൽ ഈ മാസം ഒന്ന് വരെയുള്ള ദിവസങ്ങളിൽ പ്രവേശിച്ചവരാണ്. സെപ്‌തംബർ ഏഴിന് മരിച്ച 10 പേരിൽ എട്ടും നിപായ്‌ക്ക് മുമ്പാണ് ചികിത്സ തേടിയത്. രണ്ടു പേർ മറ്റ് ആശുപത്രിയിൽ നേരത്തെ ചികിത്സയിലിരുന്നവരും. എട്ടിന് മരിച്ചവരുടെ കണക്കുകളും സമാന രീതിയിലാണ്. സപ്‌തംബർ നാലിന് സ്ഥിരീകരിച്ച നിപയെതുടർന്നുള്ള പ്രവർത്തനങ്ങൾ കോവിഡിനെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് ഇതിൽ നിന്ന് വ്യക്‌തം.