ക്രിസ്തുമസും വർഷാവസാനവും പുതുവർഷവും എല്ലാമായി യാത്രകളുടെ മേളമാണ് ഡിസംബർ മാസം. നീണ്ട അവധികളും ആഴ്ചാവസാനങ്ങളും കൂടി വരുമ്പോൾ യാത്ര പോകാൻ ഇഷ്ടംപോലെ സമയവുമുണ്ട്. എവിടേക്ക് പോകുമെന്നോ ചെലവ് കൂടുതലാണെന്നോ എന്നെല്ലാമോർത്ത് യാത്ര പ്ലാൻ ചെയ്യാതെ ഇരിക്കുന്നവർക്കായി ചുരുങ്ങിയ ചെലവിൽ വമ്പൻ യാത്രകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കോഴിക്കോട് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ. ദശാവതാര ക്ഷേത്രങ്ങൾ മുതൽ വാഗമണ്ണും മൂന്നാറും സൈലന്‍റ് വാലിയും ഗവിയും അടക്കം ഒന്നു മുതൽ മൂന്ന് ദിവസം വരെ സമയമെടുത്ത് സ്ഥലങ്ങൾ കണ്ടുവരുന്ന കിടിലൻ പാക്കേജുകൾ വെറും 220 രൂപയിൽ ആരംഭിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഡിസംബർ മാസത്തിലെ ചെലവ് കുറഞ്ഞ യാത്രകൾക്കായി ആകെ 24 പാക്കേജുകളാണ് കോഴിക്കോടു നിന്നുള്ളത്.
കുളിരൂറൂന്ന വാഗമൺ കുമളി പാക്കേജ് ; കോഴിക്കോട് കെഎസ്ആർടിസിയുടെ ഏറ്റവും ചെലവ് കൂടിയ പാക്കേജാണ് കോഴിക്കോട്- വാഗമൺ- കുമളി യാത്ര. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന യാത്രയിൽ വാഗമണ്ണിലെയും കുമളിയിലെയും പ്രധാന കാഴ്ചകളെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. വാഗമൺ ട്രെക്കിങ്, അഡ്വഞ്ചർ പാർക്ക് സന്ദർശനം, വാഗമൺ ചില്ലുപാലം, പൈൻ ഫോറസ്റ്റ്, മൊട്ടക്കുന്ന് തുടങ്ങിയവയും കെഎസ്ഇബി ടണഡൽ, കുമളി, കമ്പം, രാമക്കൽമേട് തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കും. രാത്രി 8 മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ മടങ്ങിയെത്തും. യാത്രാ തിയതി- ഡിസംബർ 2, 22 ടിക്കറ്റ് നിരക്ക്- 3450 രൂപ (ഭക്ഷണവും താമസവും ഉൾപ്പെടെ).
മൂന്നാർ ഇരവികുളം അതിരപ്പിള്ളി വാഴച്ചാല്‍ ; കോഴിക്കോട് നിന്നും പോകാൻ സാധിക്കുന്ന രസകരമായ മറ്റൊരു യാത്രയാണ് മൂന്നാർ ഇരവികുളം അതിരപ്പിള്ളി വാഴച്ചാല്‍ . രണ്ടു ദിവസം ദൈര്‍ഘ്യമുള്ള യാത്രയിൽ മേൽപ്പറഞ്ഞ സ്ഥലങ്ങൾ കൂടാതെ തുമ്പൂർമുഴി ഡാം, ഇരവികുളം, മാട്ടുപെട്ടി, കുണ്ടള അണക്കെട്ട് തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കാം. യാത്രാ തിയതി- ഡിസംബർ 2,9,16,23,30 ടിക്കറ്റ് നിരക്ക്- 1830 രൂപ.
സൈലന്‍റ് വാലി യാത്ര ; കോഴിക്കോട് നിന്നുള്ള ഏകദിന യാത്രയാണ് സൈലന്‍റ് വാലിയിലേക്കുള്ളത്. പുലർച്ചെ 4.30ന് പുറപ്പെട്ട് രാത്രി 9.00 മണിയോടെ മടങ്ങിയെത്തും. ജീപ്പ് സഫാരിയും യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രാ തിയതി- ഡിസംബർ 17 ടിക്കറ്റ് നിരക്ക്- 1440 രൂപ.
കോഴിക്കോട്-വയനാട് യാത്ര; കോഴിക്കോട് നിന്ന് രാവിലെ 6.30ന് പുറപ്പെട്ട് രാത്രി ഒൻപത് മണിയോടെ മടങ്ങിയെത്തുന്ന ഏകദിന യാത്രയാണ് വയനാട് ട്രിപ്പ്. തുഷാരഗിരി വെള്ളച്ചാട്ടം, തൊള്ളായിരം കണ്ടി, കുറുവാ ദ്വീപ്, പൂക്കോട് തടാകം, എൻ ഊര്, ബാണാസുര സാഗർ തടാകം എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്. യാത്രാ തിയതി- ഡിസംബർ 9,17,24 ടിക്കറ്റ് നിരക്ക്- 1250 രൂപ.
നെല്ലിയാമ്പതി യാത്ര ; കോഴിക്കോട് നിന്നുള്ള വിജയകരമായ മറ്റൊരു യാത്രയാണ് നെല്ലിയാമ്പതിയിലേക്കുള്ള ഏകദിന ട്രിപ്പ്. സീതാര്‍കുണ്ട്, കേശവൻപാറ, പോത്തുണ്ടി ഡാം എന്നിവിടങ്ങളാണ് യാത്രയില്‍ സന്ദർശിക്കുന്നത്. യാത്രാ തിയതി- ഡിസംബർ 3,17 ടിക്കറ്റ് നിരക്ക്- 1000 രൂപ. ജാനകിക്കാട്, കരിയാത്തുംപാറ- തോണിക്കടവ് കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും മികച്ച യാത്രകളിലൊന്നാണ് ജാനകിക്കാട്, കരിയാത്തുംപാറ- തോണിക്കടവ് യാത്ര. യാത്രാ തിയതി- ഡിസംബർ 3,10,17,24. ടിക്കറ്റ് നിരക്ക്- 360 രൂപ.
ദശാവതാര ക്ഷേത്ര യാത്ര ; കോഴിക്കോട് ജില്ലയിലെ ഏറ്റവും പുതിയ തീർത്ഥാടന സർക്യൂട്ട് ആയ ദശാവതാര ക്ഷേത്രങ്ങളാണ് ഈ യാത്രയിൽ സന്ദർശിക്കുന്നത്. പെരുമീൻപുറം ശ്രീ മഹാവിഷു ക്ഷേത്രം, ആമമംഗലം ശ്രീ മഹാവിഷു ക്ഷേത്രം, പന്നിയംവള്ളി വാര്യമഠം ശ്രീ മഹാവിഷു ക്ഷേത്രം, ശ്രീ തൃക്കോയിക്കൽ നരസിംഹ ക്ഷേത്രം, തീർത്ഥങ്കര ശ്രീ വാമന ക്ഷേത്രം, രമല്ലൂർ ശ്രീരാമ ക്ഷേത്രം, കാവിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രം, ഈന്താട് ശ്രീ മഹാവിഷു ക്ഷേത്രം, കാക്കൂർ പരശുരാമ ക്ഷേത്രം, കൽക്കി ക്ഷേത്രം എന്നി ക്രമത്തിൽ ദശാവതരാ ക്ഷേത്രങ്ങൾ സന്ദർശിക്കും. യാത്രാ തിയതി- ഡിസംബർ 3,17 ടിക്കറ്റ് നിരക്ക്- 220 രൂപ.
കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് ബജറ്റ് സെല്ലിൽ രാവിലെ 9 മുതൽ രാത്രി 9 വരെ ബുക്കിംഗിനായി വിളിക്കാം. 9544477954, 9846100728.