കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പാര്‍ക്കിങ് പ്രശ്നം പരിഹരിക്കാന്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് കോര്‍പ്പറേഷന്‍. ബീച്ചിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കോര്‍പ്പറേഷനും കേരള മാരിടൈം ബോര്‍ഡുമായി സഹകരിച്ച് പണം നല്‍കി ഉപയോഗിക്കുന്ന പാര്‍ക്കിങ് കേന്ദ്രം തുടങ്ങും. ഇതിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സര്‍വേ നടപടികള്‍ പൂര്‍ത്തിയായി. കോഴിക്കോട് നഗരത്തില്‍ വാഹനങ്ങളുമായി എത്തുന്നവര്‍ പാര്‍ക്കിങ്ങിന് സ്ഥലം കണ്ടെത്താന്‍ സമയം പാഴാക്കുന്നത് പതിവാണ്. റോഡരികിലെ പരിമിതമായ സ്ഥലങ്ങളില്‍ ഇരുചക്രവാഹനങ്ങളും കാറും പാര്‍ക്ക് ചെയ്യുക മാത്രമാണ് ആകെയുള്ള മാര്‍ഗം.
കാലങ്ങളായി വാഹന ഉടമകള്‍ നേരിടുന്ന ദുരിതത്തിന് പരിഹാരം കണ്ടെത്താന്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ തുടങ്ങുക മാത്രമാണ് പോംവഴിയെന്ന് കോര്‍പ്പറേഷന്‍ പറയുന്നു. പാര്‍ക്കിങിന് വേണ്ട സ്ഥലം കോര്‍പ്പറേഷന്‍റെ കൈവശം ഇല്ലാത്തത് പ്രതിസന്ധിയാണ്. ബീച്ചിലെ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ കോര്‍പ്പറേഷനും മാരിടൈം ബോര്‍ഡും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ കരാര്‍ നടപടികള്‍ തുടരുകയാണ്. ചരക്കുലോറികളുടെ പാര്‍ക്കിങ് പ്രതിസന്ധി പരിഹരിക്കുകയാണ് ലക്ഷ്യം. ഇതിനായി തുറമുഖവകുപ്പിന്‍റെ 3.92 ഏക്കര്‍ ഭൂമിയില്‍ ലോറി പാര്‍ക്കിങ് കേന്ദ്രം ആരംഭിക്കും. ബീച്ചിലെത്തുന്ന സഞ്ചാരികളുടെ കാറുകള്‍ പാര്‍ക്ക് ചെയ്യാനും സംവിധാനമൊരുക്കും.