കണ്ണൂർ: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഷാരൂഖ് സെയ്ഫിയെ കേരളത്തിലെത്തിക്കുന്നതിനിടെ സംഭവിച്ചത് ഗുരുതര സുരക്ഷാ വീഴ്ചയായിരുന്നു. മഹാരാഷ്ട്ര എ.ടി.എസ് കൈമാറിയ പ്രതിയുമായി മൂന്ന് പോലീസുകാർ മാത്രമാണ് ഒരു വാഹനത്തിൽ കേരളത്തിലെത്തിച്ചത്. എന്നാൽ വാഹനം കണ്ണൂരിൽ വെച്ച് പഞ്ചറാകുകയും മണിക്കൂറുകളോളം പെരുവഴിയിൽ കുടുങ്ങുകയും ചെയ്തു. എന്നാൽ യാത്രയുടെ രഹസ്യസ്വഭാവം സൂക്ഷിക്കാനായിരുന്നു ലോക്കൽപൊലീസിനെ പോലും അറിയിക്കാതെ പ്രതിയുമായി കേരളത്തിലെത്തിയതെന്നാണ് കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ പറയുന്നത്.
സാധാരണ അത്യപൂർവമായ കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളുമായി പോകുമ്പോൾ ചെയ്യുന്നത് പോലെ അതത് പോലീസ് സ്റ്റേഷനിൽ അറിയിക്കുകയോ പൈലറ്റ് വാഹനം അയക്കുകയോ ചെയ്തിരുന്നില്ല. കണ്ണൂർ മേലൂർ മാമാക്കുന്ന് വെച്ച് പ്രതിയുമായി എത്തിയ വാഹനം ഒരുമണിക്കൂറിലധികം പഞ്ചറായി പെരുവഴിയിൽകുടുങ്ങിയിട്ടും അരമണിക്കൂറിന് ശേഷമാണ് ഒരു പോലീസുകാരൻ അങ്ങോട്ട് എത്തിയത്. അതേസമയം, പ്രതിയുമായി പോലീസ് എത്തുന്ന കാര്യം എല്ലാവർക്കുമറിയാമായിരുന്നു. കണ്ണൂരിൽ എത്തിയത് മുതൽ മാധ്യമപ്രവർത്തകരും പ്രതിയുടെ വാഹനത്തെ പിന്തുടർന്നിരുന്നു. ബുധനാഴ്ച പുലർച്ച 5.30 ന് മഹാരാഷ്ട്ര എ.ടി.എസ് പ്രതിയെന്ന് സംശയിക്കുന്ന ഷാരൂഖ് സെയ്ഫിയെ കേരള പോലീസിന് കൈമാറുന്നത്. ഉച്ചക്ക് 1.15 ഓടെയാണ് കാസർകോഡ് ഡി.വൈ.എസ്.പിയുടെ ബന്ധുവിന്റെ ഉടമസ്ഥതയോടെ വെള്ള ഇന്നോവ കാറിൽ പ്രതിയുമായി രത്‌നഗിരിയിൽ നിന്ന് കേരളത്തിലേക്ക് വരുന്നത്. മൂന്ന് ഉദ്യോഗസ്ഥർമാത്രമായിരുന്നു വണ്ടിയിലുണ്ടായിരുന്നത്.