മലപ്പുറം : യു.എ.ഇയില്‍ നിന്നും നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥം ഇറക്കുമതി ചെയ്ത സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീല്‍ രാജിവെയ്ക്കണമെന്ന് മുസ്ലീം ലീഗ്. ജലീല്‍ നടത്തിയ ഇടപെടലുകളും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായുള്ള ബന്ധവും ഏറെ ദുരൂഹതയുള്ളതാണ്. മുഖ്യമന്ത്രി എന്തിനാണ് അദ്ദേഹത്തെ സംരക്ഷിക്കുന്നതെന്ന് വ്യക്തമാകുന്നില്ലെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മദീജ് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ബന്ധുനിയമന വിവാദത്തില്‍ പെട്ട് മന്ത്രി ഇ.പി ജയരാജന്‍ ഭൂമി നികത്തിയ വിഷയത്തില്‍ തോമസ് ചാണ്ടി, സ്വഭാവദൂഷ്യം ആരോപണം നേരിട്ട എ.കെ ശശീന്ദ്രന്‍ എന്നിവര്‍ക്ക് മന്ത്രിസഭയില്‍ നിന്ന് രാജിവെയ്‌ക്കേണ്ടിവന്നു. അവര്‍ ആരോപണം നേരിട്ടവരാണ്. എന്നാല്‍ ഇത്രയും ഗുരുതരമായ കേസില്‍ അന്വേഷണം നേരിടുന്ന മന്ത്രി ജലീലിനെ സംരക്ഷിക്കുകയാണ്.
ജലീലിനെതിരെ സ്വന്തം വകുപ്പിലെ നിയമനങ്ങളുടെ പേരില്‍ ബന്ധുനിയമന ആരോപണവും മാര്‍ക്ക് ദാന വിവാദവും വന്നു. മലയാളം സര്‍വ്വകലാശാലയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടും വിവാദം ഉയര്‍ന്നിട്ടുണ്ട്. നിരന്തരമായി വിവാദങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മന്ത്രിയെ എന്തിനാണ് മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിയെ ഇത്തരത്തില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. മാന്യത ഉണ്ടെങ്കില്‍ രാജിവെച്ച് അന്വേഷണം നേരിട്ട് നിരപരാധിത്വം തെളിയിക്കണം.
ശിവശങ്കര്‍ നേരിടുന്ന അതേ കുറ്റം തന്നെയാണല്ലേ ജലീലും നേരിടുന്നത്. ജലീലിനെ സംരക്ഷിക്കുന്നത് സിപിഎമ്മിന്റെ മുഖം കൂടുതല്‍ വികൃതമാക്കും. ജലീലിനെതിരൊയ മുസ്ലീം ലീഗ് പ്രതിഷേധം എങ്ങനെയാണെന്ന് ഇപ്പോള്‍ പ്രതികരിക്കുന്നില്ല. മുഖ്യമന്ത്രിയും സര്‍ക്കാരും എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് കണ്ടശേഷമായിരിക്കും മുസ്ലീം ലീഗ് പ്രതിഷേധമെന്ന് മജീദ് പറഞ്ഞു.