തിരുവനന്തപുരം : കോണ്‍ഗ്രസ് ധനശേഖരണത്തില്‍ അവ്യക്തതകള്‍ ഉണ്ടെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രൊഫഷണല്‍ ഓഡിറ്റര്‍മാരെ നിയോഗിച്ച് കണക്കുകള്‍ പരിശോധിക്കാനൊരുങ്ങി കെപിസിസി. പാര്‍ട്ടി ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച് ഇനി മുതല്‍ കൃത്യമായ രീതിയില്‍ മുന്നോട്ട് പോകുവാനാണ് കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരന്റെ നിര്‍ദേശം. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇതാദ്യമായാണ് കെപിസിസി അക്കൗണ്ടുകളില്‍ പ്രൊഫഷണല്‍ ഓഡിറ്റിംഗ് നടത്തുന്നത്. പാര്‍ട്ടി അദ്ധ്യക്ഷനും അദ്ദേഹത്തിന്റെ ഓഫീസിനും അറിയാത്ത അഞ്ചോ ഏഴോ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഫണ്ടുകള്‍ മാറിയതിനെ തുടര്‍ന്നാണ് സുധാകരന്റെ ഈ തീരുമാനം.
പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ പണസംബന്ധമായ കാര്യങ്ങളില്‍ പരിശോധന നടത്താനാണ് കെ.സുധാകരന്‍ ഒരുങ്ങുന്നത്. പല ബാങ്ക് അക്കൗണ്ടുകളിലായി പണം സൂക്ഷിക്കുന്നതില്‍ അവ്യക്തത ഉണ്ടെന്നും ഇനി അങ്ങനെ പോരാ, വ്യക്തത വേണമെന്നുമാണ് സുധാകരന്റെ തീരുമാനമെന്ന് പാര്‍ട്ടി വൃത്തങ്ങളിലുള്ളവര്‍ പറയുന്നു. പാര്‍ട്ടി ഒരു സെമി കെഡര്‍ രീതിയിലേക്ക് നിര്‍ബന്ധമായും പോവണം എന്ന് സുധാകരനുണ്ട്. അതിന്റെ ഭാഗമായാണ് വരാന്‍ പോകുന്ന ഓഡിറ്റിംഗുമെന്നും വൃത്തങ്ങള്‍ സൂചിപ്പിച്ചു.
പാര്‍ട്ടി 137ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ‘137 രൂപ ചലഞ്ച്’ പ്രകാരം എസ്ബിഐ, ധനലക്ഷ്മി എന്നീ രണ്ട് ബാങ്കുകളുടെ അക്കൗണ്ടുകളിലേക്ക് പണം സംഭാവന ചെയ്യാനായിരുന്നു നേതാക്കള്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നത്. ഡിജിറ്റല്‍ രീതിയില്‍ നടന്ന ധനശേഖരണത്തിലൂടെ ലഭിച്ച പണം പാര്‍ട്ടി അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്ന് ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നു.