മലപ്പുറം: കൊണ്ടോട്ടിയിലെ മുന്‍ കെപിസിസി അംഗം കെപിഎസ് ആബിദ് തങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. ഡിസിസി പ്രസിഡന്റ് വി എസ് ജോയിയോടുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് രാജി. വി എസ് ജോയ് വിഭാഗീയ പ്രവര്‍ത്തനം നടത്തുകയാണെന്ന് ആബിദ് തങ്ങള്‍ പറഞ്ഞു. മലപ്പുറം ജില്ലാ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് നേതാവാണ് കെപിഎസ് ആബിദ് തങ്ങള്‍. ഡിസിസി പ്രസിഡന്റ് വി എസ് ജോയ് വാര്‍ഡ് തലത്തില്‍പ്പോലും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും തന്നെ അവഗണിക്കുകയാണെന്നും ആബിദ് തങ്ങള്‍ പറഞ്ഞു. കെപിസിസി നേതൃത്വത്തിന് പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ല, മറുപടിയും കിട്ടിയില്ല.
നിലവില്‍ മറ്റു പാര്‍ട്ടികളിലേക്ക് പോകുന്നത് ആലോചിച്ചിട്ടില്ല. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി വി എസ് ജോയിയുടെ പേരും പരിഗണനയിലുണ്ട്. പിവി അന്‍വറിനെപ്പോലുള്ളവരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതെന്നും ആബിദ് തങ്ങള്‍ പറഞ്ഞു. എന്നാല്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളുമായി രാജിയ്ക്ക് ബന്ധമില്ലെന്നും തന്റെ പരാതികള്‍ പി വി അന്‍വര്‍ എല്‍ഡിഎഫ് വിടുന്നതിനു മുമ്പ് ഉന്നയിച്ചിട്ടുണ്ടെന്നും ആബിദ് തങ്ങള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ മുതിര്‍ന്ന നേതാവിന്റെ രാജി കോണ്‍ഗ്രസിന് തലവേദനയാകും.