പത്തനംതിട്ട: റേഷൻ ജീവനക്കാരുടെ വേതന വർദ്ധനവിനായി കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എഐടിയുസി) നേതൃത്വത്തിൽ ഡിസംബർ ഒന്നിന് രാവിലെ പത്തിന് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ്ണ സംഘടിപ്പിക്കും. വേതനം വർദ്ധിപ്പിച്ച് നൽകണമെന്നാവശ്യപ്പെട്ട് നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടാണ് കെആർഇഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ധർണ്ണ നടത്തുന്നത്.
തുല്യ ജോലിക്ക് തുല്യവേതനം നൽകുക, എല്ലാ അംഗീകൃത റേഷൻ വിതരണക്കാരനും പ്രതിമാസം 30000 രൂപ മിനിമം വേതനം നൽകുക,
സെയിൽസ്മാൻ സർക്കാർ വേതനം നൽകുക, റേഷൻ വിതരണ ജീവനക്കാരെ ഇപിഎഫ്, ഇഎസ്‌ഐ മെഡിസെപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക, നിലവിൽ റേഷൻകട നടത്തിവരുന്ന സെയിൽസ്മാൻമാരെയും താത്കാലിക ലൈസൻസികളെയും സ്ഥിരപ്പെടുത്തുക, റേഷൻ ക്ഷേമനിധിയിൽ സർക്കാർ വിഹിതം നൽകുക,പെൻഷനും മരണാനന്തര ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുക, റേഷൻ കടകളിൽ കൃത്യമായ തൂക്കത്തിൽ ഭക്ഷൃധാനൃം എത്തിക്കുന്നു എന്ന് ഉറപ്പുവരുത്തി ലീക്കേജും ഷോർട്ടേജും അനുവദിച്ച് നൽകിയശേഷം ഇ പോസും ത്രാസുമായി കണക്ട് ചെയ്യുക, കോവിഡ് ബാധിച്ച് മരണപ്പെട്ട റേഷൻ ലൈസൻസികൾക്ക് സാമ്പത്തിക സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരം സംഘടിപ്പിക്കുന്നതെന്നും ധർണ്ണ എഐടിയുസി സംസ്ഥാന ജനറൽസെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്നും കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു, ജനറൽ സെക്രട്ടറി പി ജി പ്രിയൻ കുമാർ എന്നിവർ അറിയിച്ചു.