ചെങ്ങന്നൂർ : കെ.എസ്.ഇ. ബി. ഈടാക്കുന്ന വൈദ്യുതിനിരക്കുകൾക്കെതിരേ വ്യാപക വിമർശം. ചെങ്ങന്നൂരിൽ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ ഉപഭോക്തൃശാക്തീകരണ പരിപാടിയിലാണ് പരാതിക്കെട്ടുകളഴിച്ചത്. നിരക്കുവർധന ഒഴിവാക്കണമെന്നും ആവശ്യമുയർന്നു. സംരംഭകരിൽനിന്നുൾപ്പെടെ ഉപയോഗിച്ച വൈദ്യുതിയുടെ നിരക്കിനു പുറമേ ഫിക്സഡ് ചാർജും ഈടാക്കുകയാണ്. ‘വെടിവെച്ചു കൊന്നയാളെ തല്ലിക്കൊല്ലുകയും’ കൂടിയാണ് കെ.എസ്.ഇ.ബി. ചെയ്യുന്നതെന്നാണ് ആരോപണം. രണ്ടുമാസം കൂടുമ്പോൾ മീറ്റർ റീഡിങ് നടത്തുന്നതിനു പകരം മാസംതോറുമാക്കണമെന്നും ആവശ്യമുയർന്നു.
എന്നാൽ പ്രതിമാസ റീഡിങ് നിരക്കും ദ്വൈമാസ റീഡിങ് നിരക്കും ഒരുപോലെയാണെന്നും കെ.എസ്.ഇ.ബി. അധികത്തുക ഈടാക്കുന്നില്ലെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം. ബോർഡിന്റെ നിരക്കുവർധന ശുപാർശകൾ എല്ലാവിഭാഗം ഉപഭോക്താക്കളുമായി ചർച്ചചെയ്തശേഷം മാത്രമായിരിക്കും തീരുമാനിക്കുകയെന്ന് പരിപാടിയിൽ പങ്കെടുത്ത കമ്മിഷൻ കൺസ്യൂമർ അഡ്വക്കസി വിഭാഗം ജൂനിയർ കൺസൽട്ടന്റ് പി. രാജഗോപാൽ പറഞ്ഞു. വൈദ്യുതിവിതരണം ഭൂഗർഭ കേബിളിലൂടെയാക്കുന്നത് ഉടനുണ്ടാകില്ല. വിതരണം കേബിളിലൂടെയാക്കുമ്പോൾ താരിഫും ഉയരും. കാറ്റിലും മഴയിലും പോസ്റ്റുകളൊടിഞ്ഞും വൈദ്യുതിക്കമ്പികൾ പൊട്ടിയും ടച്ച് വെട്ടിന്റെ പേരിലും വൈദ്യുതി മുടങ്ങുന്നതൊഴിവാക്കാൻ വിതരണം ഭൂഗർഭ കേബിളുകൾ വഴിയാക്കണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടിരുന്നു. ഒരു മീറ്റർ 11 കെ.വി.ലൈൻ ഭൂഗർഭ കേബിളാക്കണമെങ്കിൽ 800 മുതൽ 900 വരെ രൂപ ചെലവാകും. ഭാവിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടൈ പദ്ധതികളുപയോഗിച്ച് വൈദ്യുതിവിതരണം ഭൂഗർഭ കേബിൾ വഴിയാക്കുമായിരിക്കും.