തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കെഎസ്ഇബി. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ കുടിശ്ശിക അനായാസം അടച്ചുതീര്‍ക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കെഎസ്ഇബി ഒരുക്കുന്നത്. രണ്ടു വര്‍ഷത്തിനുമേല്‍ പഴക്കമുള്ള കുടിശ്ശികകളാണ് ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാന്‍ കഴിയുക. വൈദ്യുതി ബില്‍ കുടിശ്ശിക കാരണം വിച്ഛേദിക്കപ്പെട്ട കണക്ഷനുകള്‍ കുടിശ്ശിക അടച്ചുതീര്‍ത്ത് പുനഃസ്ഥാപിക്കാനുമാകും. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് കെഎസ്ഇബിയുടെ കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി. 2025 മെയ് 20 മുതല്‍ മൂന്ന് മാസക്കാലം ഏറ്റവും മികച്ച ഇളവുകളോടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ദീര്‍ഘകാല കുടിശ്ശിക തീര്‍ക്കാന്‍ കഴിയും.
വൈദ്യുതി വകുപ്പ് മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി കെഎസ്ഇബി പ്രഖ്യാപിച്ചത്. 10 കൊല്ലത്തിനു മുകളില്‍ പഴക്കമുള്ള കുടിശ്ശിക തുകയുടെ 18 ശതമാനം നിരക്കില്‍ വരുന്ന പലിശ പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കും. അഞ്ച് മുതല്‍ 10 വര്‍ഷം വരെയുള്ള കുടിശ്ശിക തുകയ്ക്ക് 18 ശതമാനത്തിനു പകരം നാല് ശതമാനം, രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള കുടിശ്ശിക തുകയ്ക്ക് 18 ശതമാനത്തിനു പകരം ആറ് ശതമാനം എന്നിങ്ങനെ വളരെ കുറഞ്ഞ പലിശ നിരക്കില്‍ ഒറ്റത്തവണയായി തീര്‍പ്പാക്കാന്‍ കഴിയും. പലിശ തുക ആറ് മാസത്തെ തുല്യഗഡുക്കളായി അടയ്ക്കാനും അവസരമുണ്ട്. കുടിശ്ശികയായ വൈദ്യുതി ബില്‍ തുകയും പദ്ധതിയുടെ ഭാഗമായി ഇളവു കണക്കാക്കിയുള്ള പലിശ തുകയും ചേര്‍ത്ത് ഒറ്റത്തവണയായി അടച്ചുതീര്‍ക്കുന്നവര്‍ക്ക് ആദ്യമായി ബില്‍ കുടിശ്ശികയില്‍ അഞ്ച് ശതമാനം ഇളവും ലഭിക്കും.
അതായത് ബില്‍ കുടിശ്ശികയുടെ 95 ശതമാനം മാത്രം അടച്ചാല്‍ മതിയാകും. കെഎസ്ഇബി ഇത്രയേറെ ഇളവുകളോടെ കുടിശ്ശിക തീര്‍പ്പാക്കാന്‍ അവസരമൊരുക്കുന്നത് ഇതാദ്യമാണ്. റെവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ, കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാനാകും. കേബിള്‍ ടിവി ഉടമകളുടെ വൈദ്യുത പോസ്റ്റ് വാടക കുടിശ്ശികയും ഈ പദ്ധതിയുടെ ഭാഗമായി തീര്‍പ്പാക്കാന്‍ അവസരമുണ്ട്. ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അതത് സെക്ഷന്‍ ഓഫീസിലും ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ സ്പെഷ്യല്‍ ഓഫീസര്‍ റെവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക. https://ots.kseb.in എന്ന പ്രത്യേക വെബ്പോര്‍ട്ടല്‍ വഴിയും കുടിശ്ശികയുടെ വിശദാംശങ്ങള്‍ അറിയാനും പണമടയ്ക്കാനും അവസരമൊരുക്കും.