തിരുവനന്തപുരം : ജൂലൈ 6 മുതലുള്ള ബില്ലുകളിൽ അർഹമായ സബ്‌സിഡി കുറവ് ചെയ്ത് നൽകുമെന്ന് കെഎസ്ഇബി അറിയിച്ചു. ഏപ്രിൽ 20 മുതൽ ജൂൺ 19 വരെ ലഭിച്ച വൈദ്യുതി ബില്ലുകൾ അടച്ചവർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. ഓഗസ്റ്റ് അവസാനത്തോടെ ബിൽ വിതരണം പൂർത്തിയാകും. നേരത്തെ ഗാർഹിക ഉപയോക്താക്കൾക്ക് 200 കോടി രൂപയുടെ സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. ഇതും ഈ മാസം ലഭിക്കും. 35 കോടി രൂപയാണ് ഈ ഇനത്തിൽ കെഎസ്ഇബി നൽകുന്നത്.
വൈദ്യുതി ബില്ലിൽ സബ്‌സിഡിയുടെ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കും. ഇതിനു പുറമെ എസ്എംഎസായും ഇത് നൽകും. ബിൽ ലഭിക്കുന്നതിന് ചുരുങ്ങിയത് രണ്ട് ദിവസം മുമ്പെങ്കിലും മൊബൈൽ ഫോണിൽ സബ്‌സിഡി തുക എത്രയെന്ന് വ്യക്തമാക്കുന്ന സന്ദേശം നൽകാനാണ് തീരുമാനം. ഏപ്രിൽ 20 മുതൽ ജൂൺ 19 വരെ നൽകിയ ബില്ലുകൾക്കാണ് സബ്‌സിഡി. ലോക്ഡൗൺ കാലയളവിനു മുമ്പുള്ള ഡോർ ലോക്ക് അഡ്ജസ്റ്റ്‌മെന്റ്, മുൻ ബിൽ കുടിശ്ശിക, മറ്റേതെങ്കിലും കണക്കിൽ അടയ്ക്കാനുള്ളതോ ആയ തുക എന്നിവ ഒഴിവാക്കിയാകും ബിൽ തുക കണക്കാക്കുക. കോവിഡ് പശ്ചാത്തലത്തിൽ വാണിജ്യ, വ്യവസായ ഉപയോക്താക്കൾക്കും സ്വകാര്യ ആശുപത്രികൾക്കും ഫിക്‌സഡ് ചാർജിൽ അനുവദിച്ച ഇളവും ലഭിക്കും.25 ശതമാനമാണ് ഇളവ്. മാർച്ച് ഒന്നുമുതൽ മെയ് 31 വരെ ഉപയോഗിച്ച വൈദ്യുതി ചാർജിന്റെ ഫിക്‌സഡ് നിരക്കിനാണ് ഇത് ബാധകം. 17 ലക്ഷം പേരാണ് ഗുണഭോക്താക്കൾ. ഇളവ് ജൂലൈ മാസത്തെ ബില്ലിൽ കുറവ് ചെയ്തു നൽകും.
ലോക്ക്ഡൗൺ കാലത്ത് വീടുകളിലെത്തി നേരിട്ട് മീറ്റർ റീഡിങ് നടത്താൻ കഴിയാത്ത സാഹചര്യത്തിൽ കെഎസ്ഇബി നടപ്പാക്കിയ ശരാശരി ബില്ലിംഗ് വ്യാപക പരാതിക്ക് വഴിവെച്ചിരുന്നു. ഏപ്രിൽ മെയ് മാസങ്ങളിൽ ഇക്കുറി ലോക്ക്ഡൗൺകൂടി വന്നതോടെ ഉപഭോഗം വൻതോതിൽ ഉയർന്നെന്നും അതാണ് ബില്ലിൽ പ്രതിഫലിച്ചതെന്നുമാണ് കെഎസ്ഇബി വാദമെങ്കിലും ഇത് കേരളത്തിലെ ഒന്നേകാൽ കോടിയോളം വരുന്ന ഉപഭോക്താക്കളിൽ ഭൂരിഭാഗം പേരും ഇത് അംഗീകരിക്കുന്നേയില്ല. ശരാശരി ബില്ലിങ് തെറ്റെന്ന് കണക്കുകൾ നിരത്തി ഇവർ വാദിച്ചു.
ഫെബ്രുവരി മുതൽ നേരിട്ട് റീഡിങ് എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ നാലു മാസത്തെ റീഡിങ് ഒരുമിച്ചെടുത്ത് അതിന്റെ ശരാശരി കണ്ടാണ് ബിൽ തയ്യാറാക്കിയത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഉപഭോഗം താരതമ്യേന കുറവായിരുന്നു. ഏപ്രിൽ മെയ് മാസങ്ങളിലാകട്ടെ കൂടുതലും .എന്നാൽ ശരാശരി ബിൽ തയ്യാറാക്കിയപ്പോൾ ഏപ്രിൽ മെയ് മാസങ്ങളിലെ ഉയർന്ന ഉപഭോഗത്തിന്റെ ഭാരം കൂടി ഫെബ്രുവരി, മാർച്ച് മാസത്തെ ബില്ലിലും പ്രതിഫലിച്ചു. മാത്രമല്ല, ദ്വൈമാസ ബില്ലിംഗിൽ 60 ദിവസം കൂടുമ്പോൾ ബിൽ തയ്യാറാക്കേണ്ടതാണങ്കിലും പലയിടത്തും 70 ദിവസത്തിലേറെ കഴിഞ്ഞാണ് ബിൽ തയ്യാറാക്കിയത്. 240 യൂണിറ്റ് വരെ സബ്‌സിഡി ഉണ്ടെങ്കിലും ശരാശരി ബിൽ വന്നതോടെ പലർക്കും സബ്‌സിഡി നഷ്ടമാവുകയും ചെയ്തു.
എന്നാൽ 95 ശതമാനം ജനങ്ങൾക്കും ശരാശരി ബിൽ നേട്ടമെന്നാണ് കെഎസ്ഇബി വാദം. ഉപഭോഗം വർദ്ധിക്കുമ്പോൾ സ്ലാബിൽ വരുന്ന മാറ്റങ്ങൾ കാണാതെയാണ് വിമർശനം. ഉദാഹരണത്തിന് 250 യൂണിറ്റ് ഉപയോഗിക്കുന്ന വ്യക്തിയും 251 യൂണിറ്റ് ഉപയോഗിക്കുന്ന വ്യക്തിയും തമ്മിൽ ബിൽ തുകയിൽ വരുന്ന വ്യത്യാസം 193 രൂപയാണ്. ആരുടെയെങ്കിലും ബിൽതുക അകാരണമായി കൂടിയിട്ടുണ്ടെങ്കിൽ അത് അടുത്ത ബില്ലിൽ തട്ടിക്കിഴിക്കുമെന്നും കെഎസ്ഇബി ആവർത്തിച്ച് പറഞ്ഞിരുന്നു. ഇതിനിടയിൽ പരാതിയുമായെത്തിയ പ്രമുഖർ ഉൾപ്പെടെ പലർക്കും അമിതമായി ഈടാക്കിയ പണം ബോർഡ്തിരികെ നൽകുകയും ചെയ്തു. സംഭവം വിവാദമായതോടെയാണ് സബ്സിഡി പ്രഖ്യാപിച്ച് സർക്കാർ രംഗത്തെത്തിയത്.