കോഴിക്കോട്: സാധാരണക്കാരെ സോളാര്‍ വൈദ്യുതിയില്‍ നിന്നകറ്റുന്ന നിര്‍ദേശങ്ങളുമായി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍. നെറ്റ് മീറ്ററിങ് രീതി പരിമിതപ്പെടുത്തുന്നതും ബാറ്ററി നിര്‍ദേശവവും സോളാര്‍ വൈദ്യുതി ചെലവേറിയതാക്കും. കരടിലെ വ്യവസ്ഥകള്‍ സോളാര്‍ പദ്ധതികളുടെ ഉദ്ദേശ്യത്തെയും സാധാരണക്കാരുടെ ബജറ്റിനെയും അട്ടിമറിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സൗരോർജ്ജ പദ്ധതികള്‍ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ നിര്‍ദേശങ്ങളെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. സൗരോർജ വൈദ്യുതി പ്ലാന്റുകൾ സാധാരണക്കാര്‍ക്ക് അപ്രാപ്യമാക്കുന്നതാണ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ കരട് ചട്ടങ്ങൾ. നെറ്റ് മീറ്ററിങ് പരിധി 1000 കിലോ വാട്ടിൽ നിന്ന് മൂന്ന് കിലോവാട്ടായി ചുരുങ്ങും.
നിലവിൽ സോളാർ പ്ലാന്റിൽ നിന്ന് കെഎസ്ഇബിയിലേക്ക് കൊടുക്കുന്ന മുഴുവൻ വൈദ്യുതിയും അതേ അളവിൽ അധിക തുക കൊടുക്കാതെതന്നെ തിരികെ ലഭിക്കുമായിരുന്നു. മൂന്ന് കിലോ വാട്ടിന് താഴെയുള്ളവർക്കേ ഇനി ഈ ആനുകൂല്യം ലഭിക്കുകയുള്ളു. വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലും മൂന്ന് കിലോവാട്ടിന് മുകളില്‍ സോളാർ പ്ലാന്‍റ് സ്ഥാപിച്ചവക്ക് ഇനി മുതല്‍ വൈദ്യുതി ബില്ല് വർധിക്കും.മൂന്ന് കിലോവാട്ടിനും അഞ്ചു കിലോവാട്ടിനും ഇടയിലുള്ള സൗരോര്‍ജ്ജ പ്ലാന്റുകള്‍ക്ക് ബാറ്ററികള്‍ സ്ഥാപിക്കണം, അല്ലെങ്കില്‍ നെറ്റ് ബില്ലിങ് രീതിയിലേക്ക് മാറും. നെറ്റ് ബില്ലിങ്ങിലേക്ക് മാറുന്നതോടെ ചെറിയതുകയ്ക്ക് സോളാർ വൈദ്യുതി കെഎസ്ഇബി നൽകേണ്ടിവരും, തിരികെയെടുക്കുന്ന വൈദ്യുതിക്ക് ഇതോടെ ചെലവേറും. സൗരോര്‍ജ പ്ലാന്റിന്റെ 30 ശതമാനം ശേഷിയുള്ള ബാറ്ററികളാണ് സ്ഥാപിക്കേണ്ടത്.
ഇതോടെ നിർമാണ ചെലവ് നിലവിലുള്ളതിനേക്കാള്‍ രണ്ട് ലക്ഷം രൂപയെങ്കിലും കൂടും. കെഎസ്ഇബിയിലേക്ക് കൊടുക്കുന്ന വൈദ്യുതിക്ക് യൂണിറ്റൊന്നിന് ഒരു രൂപ ഗ്രിഡ് സപ്പോര്‍ട്ട് ചാര്‍ജ് കൂടി ഈടാക്കും. ഇത് സൗരോര്‍ജ പദ്ധതികളെ അനാകർഷകമാക്കും.സംസ്ഥാനത്തെ 95 ശതമാനം ഗാർഹിക സൗരോർജ്ജ പദ്ധതികളും മൂന്ന് കിലോവാട്ടിന് താഴെയായതിനാല്‍ പുതിയ നിർദേശം കുറച്ചുപേരെ മാത്രമേ ബാധിക്കു എന്നാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ വിശദീകരണം. കേന്ദ്ര നിർദേശം കൂടി പരിഗണിച്ചാണ് പുതിയ നടപടികളെന്നും അധികൃതർ പറഞ്ഞു. വൈദ്യുതി റഗുലേട്ടറി കമ്മീഷന്റെ പുതിയ നിർദേശങ്ങൾ നടപ്പായാൽ സാധാരണക്കാരുടെ സോളാർ വൈദ്യുതി സ്വപ്‌നങ്ങൾ തന്നെ ഇരുട്ടിലാകും.