ആലപ്പുഴ : റെക്കോര്‍ഡ് കളക്ഷനെടുത്ത കാഷ്യറുടെ പേര് ഇലക്ട്രിക് ലൈനിന് നല്‍കി കെ.എസ്.ഇ.ബിയുടെ സമ്മാനം. മുന്നൂറു മിനിറ്റുകൊണ്ട് എട്ടരലക്ഷം രൂപ ഉപഭോക്താക്കളില്‍ നിന്ന് പിരിച്ചെടുത്ത ഫിറോസ് ഖാനാണ് ചരിത്രത്തിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 20 ന് ഫ്യൂസ് ഊരാതിരിക്കാന്‍ വന്നവരുടെ ക്യൂ നീണ്ടുപോയപ്പോഴാണ് ഇടവേളകളില്ലാതെ ഫിറോസ് ജോലി ചെയ്തത്.
ഒറ്റയിരിപ്പില്‍ 437 രസീതുകള്‍ മുറിച്ചു നല്‍കിയാണ് ഫിറോസ് റെക്കോര്‍ഡിട്ടത്. കെ.എസ്.ഇ.ബിക്ക് പിരിഞ്ഞു കിട്ടിയത് എട്ടുലക്ഷത്തി അന്പത്തി ഒന്നായിരത്തി എണ്‍പത് രൂപ. നോട്ടെണ്ണല്‍ മെഷീനൊന്നുമില്ലാതെ കൈകൊണ്ട് എണ്ണിയാണ് ക്യാഷ്യര്‍ ഫിറോസ് ഖാന്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയത്. ഈ നേട്ടത്തിന് കെ.എസ്.ഇ.ബി നല്‍കിയ സമ്മാനമാണ് വൈദ്യുതി വിതരണ ലൈനില്‍ ഒന്നിന് ഫിറോസിന്‍റെ പേര് നല്‍കിയത്. ആലപ്പുഴ സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ ഉല്‍സാഹത്തിന്‍റെ ഊര്‍ജപ്രവാഹമാണ് ഇപ്പോള്‍ ഫിറോസ് ഖാന്‍.