റാന്നി: റോഡിനു നടുവില്‍ ടാറിംങിന് തടസമായി നിന്ന വൈദ്യുതി തൂണുകള്‍ കെ.എസ്.ഇ.ബി മാറ്റിയെങ്കിലും ആ ഭാഗത്ത് ടാറിംങ് നടത്താതെ പൊതുമരാമത്ത് അധികൃതര്‍ മൊല്ലപ്പോക്കു നയം നടത്തുന്നതായി ആരോപണം. മന്ദമരുതി വെച്ചൂച്ചിറ റോഡിലെ കുംഭിത്തോടിനു സമീപവും ആനമാടം ജംങ്ഷനിലുമാണ് ടാറിംങ് നടത്താതെ അധികൃതര്‍ മടങ്ങിയത്. റോഡിന് മധ്യത്തിലെ ഈ കട്ടിംങ് ഒഴിവാക്കാന്‍ വാഹനങ്ങള്‍ ശ്രമിക്കുന്നത് അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. റോഡിനു മധ്യത്തില്‍ ടാറിംങ്ങിനു തടസമായി നിന്ന വൈദ്യുതി തൂണുകള്‍ നാളുകള്‍ക്ക് മുമ്പ് മാറ്റിയെങ്കിലും ഇത്രയും ഭാഗം ടാര്‍ ചെയ്തില്ല. ഈ ഭാഗം കൂടി ടാറിംങ് നടത്തിയാല്‍ വാഹന സഞ്ചാരം സുഗമമാകും.
മടത്തുംചാല്‍-മുക്കൂട്ടുതറ റോഡ് ഉന്നത നിലവാരത്തിലാക്കിയതോടെയാണ് വശത്തു നിന്നിരുന്ന വൈദ്യുതി തൂണുകള്‍ റോഡിനു മധ്യത്തിലായത്. ഇതില്‍ ആനമാടം ജംങ്ഷനിലും കുംഭിത്തോടു ജലസംഭരണിക്കു സമീപവും നിന്നിരുന്ന തൂണുകള്‍ ടാറിംങ് നടത്താന്‍ കഴിയാത്തതരത്തില്‍ റോഡിനു മധ്യത്തിലായിപ്പോയി. ഇതാണ് പിന്നീട് മാറ്റിയത്. രണ്ടു കോടി രൂപ വൈദ്യുതി വകുപ്പിന് കിഫ്ബി നല്‍കിയ ശേഷമാണ് തൂണുകള്‍ മാറ്റിയത്. തൂണുകള്‍ മാറ്റുന്നതിലെ കാലതാമസം മൂലവും ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കാന്‍ വൈകിയതു മൂലവും ഒന്നാംഘട്ട ടാറിംങ് മാത്രമെ മന്ദമരുതി മുതല്‍ കൂത്താട്ടുകുളം വരെ നടത്തിയിട്ടുള്ളു. ഇവിടെ മറ്റു അനുബന്ധ നിര്‍മ്മാണങ്ങളും പൂര്‍ത്തിയാക്കാതെ കരാര്‍ കമ്പനി മടങ്ങുകയും പിന്നീട് ഇവരെ കരാറില്‍ നിന്നൊഴിവാക്കുകയും ചെയ്തിരുന്നു. ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്തതിനാലാണ് കരാര്‍ കമ്പനിക്കു നേരെ നടപടി ഉണ്ടായത്.