തിരുവനന്തപുരം : പണമടച്ചിട്ടും വൈദ്യുതി പുനസ്ഥാപിക്കാന്‍ ജോലിക്കാരെത്തിയില്ല ഫോണില്‍ വിളിച്ചപ്പോള്‍ സ്വന്തമായി ഫ്യൂസ് കുത്താന്‍ കെഎസ്ഇബിയുടെ മറുപടി. 221 രൂപ ബില്ലടയ്ക്കാന്‍ വൈകിയതിന് ഒറ്റയ്ക്കു താമസിക്കുന്ന മൂന്നാംമൂട് മഞ്ചന്‍പാറ പുതുവല്‍പുത്തന്‍ വീട്ടില്‍ ഗോമതിയുടെ (68) വീട്ടിലെ ഫ്യൂസാണ് ഊരിയത്. ഗോമതിയുടെ ഭര്‍ത്താവ് ബാബു വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു. മക്കളായ സിനി, ബിനു എന്നിവരും സ്ഥലത്തില്ല. തൊഴിലുറപ്പ് ജോലി, വാര്‍ധക്യ പെന്‍ഷന്‍ എന്നിവയില്‍നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് ഷീറ്റിട്ട ചെറിയ വീട്ടില്‍ ഗോമതി കഴിയുന്നത്.
തൊഴിലുറപ്പ് ജോലിയില്‍ നിന്നുള്ള വരുമാനം മൂന്നുമാസമായി കിട്ടാതായതോടെ ദുരിതം കൂടി. വൈദ്യുതി ബില്‍ തുകയായ 221 രൂപ അടയ്ക്കാനുമായില്ല. തുക അടയ്ക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയായിരുന്നു. വെള്ളിയാഴ്ച ജീവനക്കാരെത്തി വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് വിവരം ഗോമതി അറിയുന്നത്. മൂന്നാംമൂട് ജങ്ഷനില്‍ കട നടത്തുന്ന യുവാവ് രാത്രിയോടെ മൊബൈല്‍ ഫോണ്‍ വഴി തുക അടച്ചു. തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് സെക്ഷന്‍ ഓഫീസില്‍ ഇക്കാര്യം അറിയിച്ചതായി ഗോമതി പറഞ്ഞു.
ആകെയുണ്ടായിരുന്ന മണ്ണെണ്ണ വിളക്ക് ആടുകളുടെ കൂട്ടില്‍വെച്ച ശേഷം, ഗോമതി ഇരുട്ടില്‍ കഴിഞ്ഞു. ശനിയാഴ്ച രാവിലെ ജീവനക്കാര്‍ എത്തിയില്ല. തുടര്‍ന്നും ഓഫീസില്‍ വിളിച്ചു. ഫ്യൂസ് അവിടെയുണ്ടെന്നും എടുത്ത് കുത്തിയാല്‍ മതിയെന്നുമായിരുന്നു മറുപടി. ഫ്യൂസ് വെക്കാന്‍ ശ്രമിച്ചപ്പോള്‍ ഷോക്കേറ്റതോടെ ശ്രമത്തിന്‍നിന്നു പിന്മാറിയതായി ഗോമതി പറഞ്ഞു. ഒടുവില്‍ നാട്ടുകാരിലൊരാള്‍ ഞായറാഴ്ച ഫ്യൂസ് സ്ഥാപിച്ചതോടെയാണ് വീട്ടില്‍ വെളിച്ചം എത്തിയത്.