കൊണ്ടോട്ടി : കെഎസ്‌എഫ്‌ഇ ശാഖയില്‍നിന്ന് കുറി വിളിച്ചെടുത്ത് വ്യാജരേഖകള്‍ ഉപയോഗിച്ച് അരക്കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുന്‍ മാനേജര്‍ ഉള്‍പ്പടെ 2 പേര്‍ അറസ്‌റ്റില്‍. കേസിലെ പ്രധാനി കോഴിക്കോട് കക്കോടി മോറിക്കര സ്വദേശി ജയജിത്ത് (42), മുന്‍ മാനേജര്‍ കോഴിക്കോട് കൊമ്മേരി സ്വദേശി സന്തോഷ് (53) എന്നിവരെയാണു പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തത്.
2016-2018 സാമ്പത്തിക വര്‍ഷത്തില്‍ ജയജിത്ത്, അന്നു കൊണ്ടോട്ടി കെഎസ്‌എഫ്‌ഇയില്‍ മാനേജര്‍ ആയിരുന്ന സന്തോഷിന്റെ സഹായത്തോടെ കുറിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ജയജിത്തും സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ കുറിയില്‍ ചേരുകയും കുറി വിളിച്ചെടുത്ത് വ്യാജ രേഖകള്‍ ഹാജരാക്കി ലക്ഷങ്ങള്‍ കൈക്കലാക്കുകയും ചെയ്‌തു എന്നാണ് പരാതി. ജയജിത്ത് സര്‍ക്കാര്‍ ഹോസ്‌റ്റല്‍ വാര്‍ഡന്‍ ആയിരുന്നു. അവിടത്തെ സീലുകളും മറ്റും ഉപയോഗിച്ചാണു രേഖകള്‍ ഉണ്ടാക്കിയത് എന്നാണ് വിവരം. കുറികളുടെ തിരിച്ചടവ് മുടങ്ങിയപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസിലായതും നിലവിലുള്ള മാനേജര്‍ പോലീസില്‍ പരാതി നല്‍കിയതും.
വകുപ്പുതല അന്വേഷണത്തില്‍ ഇരുവരും സസ്‌പെന്‍ഷനിലായി. കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കു വേണ്ടി അന്വേഷണം നടക്കുന്നുണ്ട്. ഡിവൈഎസ്‌പി.കെ അഷ്‌റഫ്, ഇന്‍സ്‌പെക്‌ടര്‍ മനോജ്, എസ്‌ഐ നൗഫല്‍, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സഞ്‌ജീവ്, രതീഷ് ഒളരിയന്‍, സബീഷ്, ഷബീര്‍, സുബ്രഹ്‌മണ്യന്‍, പ്രശാന്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.