കിളിമാനൂര്‍: കെ.എസ്.ആര്‍.ടി.സി ആറ്റിങ്ങല്‍ ഡിപ്പോയിലെ ഓഫീസ് പ്രവര്‍ത്തനങ്ങളെല്ലാം തിരുവനന്തപുരം നോര്‍ത്ത് ജില്ലാ ഓഫീസായ നെടുമങ്ങാട്ടേക്കു മാറ്റാന്‍ തീരുമാനം. ആറ്റിങ്ങല്‍ ഡിപ്പോ ഇനി ഓപ്പറേറ്റിംഗ് കേന്ദ്രം മാത്രമാകും. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ജീവനക്കാരെ പുനര്‍വിന്യസിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ഓഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ജില്ലാ ഓഫീസുകളുടെ പ്രവര്‍ത്തനം 18 ന് ആരംഭിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച് കെഎസ്‌ആര്‍ടിസി എംഡിയുടെ ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങി. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മാറുമെങ്കിലും ഷെഡ്യൂളുകള്‍ കൃത്യമായി നടത്തുന്നതിനാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല.
ആറ്റിങ്ങല്‍ കൂടാതെ കിളിമാനൂര്‍, കണിയാപുരം, വെഞ്ഞാറമൂട്, കാട്ടാക്കട, നെടുമങ്ങാട്, ആര്യനാട്, വെള്ളനാട്, വെള്ളറട, വിതുര, പാലോട് എന്നീ ഡിപ്പോകളും ഓപ്പറേറ്റിംഗ് കേന്ദ്രങ്ങളാകും. ജീവനക്കാരുടെ ഓഫീസ് സംബന്ധമായ ആവശ്യങ്ങളെല്ലാം ഇനിമുതല്‍ നെടുമങ്ങാട് നോര്‍ത്ത് ജില്ലാ ഓഫീസില്‍ നിന്നാകും. ആറ്റിങ്ങല്‍ ഡിപ്പോയില്‍ നിലവില്‍ 15 ഓഫീസ് സ്റ്റാഫുകളാണുള്ളത്. ഇവരെയെല്ലാം വിവിധ ജില്ലാ ഓഫീസുകളിലേക്കു മാറ്റി നിയമിക്കുമെന്നാണ് സൂചന. ഒരു സൂപ്രണ്ട്, ഒരു ക്ലര്‍ക്ക്, കളക്ഷനെടുക്കാനുള്ള ഒരുദ്യോഗസ്ഥന്‍ എന്നിവര്‍ മാത്രമേ ഓപ്പറേറ്റിംഗ് കേന്ദ്രങ്ങളിലുണ്ടാകൂ. ഓപ്പറേറ്റിംഗ് കേന്ദ്രങ്ങളിലെ ഓഫീസ് സ്റ്റാഫുകളുടെ എണ്ണം ഇതിലും ചുരുങ്ങാനും സാധ്യതയുണ്ട്.
ജില്ലയില്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്നതും നല്ല വരുമാനമുള്ളതുമായ ഡിപ്പോകളിലൊന്നാണ് ആറ്റിങ്ങല്‍. ഇവിടെനിന്നും തെങ്കാശി, കോട്ടയം, പത്തനംതിട്ട, നെടുങ്കണ്ടം, മുണ്ടക്കയം എന്നിവിടങ്ങളിലേയ്ക്ക് ഫാസ്റ്റ് സര്‍വീസുകള്‍ നടത്തിയിരുന്നു. എല്ലാം ലാഭകരമായ സര്‍വീസുകളായിരുന്നു. രാവിലെ കോട്ടയത്തേക്കുള്ള സര്‍വീസില്‍ ദിനംപ്രതി പതിനായിരം രൂപയുടെ വരുമാനമുണ്ട്. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് ഈ സര്‍വീസ് നിര്‍ത്തി. ഇതുപോലെതന്നെ മറ്റ് സര്‍വീസുകളും പല ഘട്ടങ്ങളിലായി നിര്‍ത്തിയിട്ടുണ്ട്.
ഇപ്പോള്‍ തിരുവനന്തപുരം കൊല്ലം റൂട്ടില്‍ നടത്തുന്ന 14 ഫാസ്റ്റ് സര്‍വീസുകളാണ് ഡിപ്പോയ്ക്കുള്ളത്. ബാക്കിയെല്ലാം ഓര്‍ഡിനറി സര്‍വീസുകളാണ്. ജില്ലാ ഓഫീസുകള്‍ പൂര്‍ണമായി ഓഫീസ് പ്രവര്‍ത്തനത്തിന് അനുയോജ്യമായ രീതിയില്‍ ഓഗസ്റ്റ് 31 ന് മുമ്പ് സജ്ജീകരിക്കാനാണ് എംഡിയുടെ നിര്‍ദേശം. ഇതനുസരിച്ച് ഓഗസ്റ്റ് അവസാനത്തോടെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നെടുമങ്ങാട്ടേക്കു കേന്ദ്രീകരിക്കും. നിലവില്‍ ഓരോ ഡിപ്പോയും നടത്തുന്ന ഷെഡ്യൂളുകളില്‍ മാറ്റമുണ്ടാകില്ല.