കലഞ്ഞൂർ : കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് പത്ര വിതരണക്കാരൻ മരിച്ചു. ഇന്നലെ രാവിലെ 6.40ന് പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഐഎച്ച്ആർഡി കോളേജിന് മുൻപിലായിരുന്നു അപകടം. കോൺഗ്രസ് മണ്ഡലം സെക്രട്ടറി പാലമല കുരുമ്പേലിവിള ലക്ഷംവീട് അഖില ഭവനിൽ അജികുമാർ (48) ആണ് മരിച്ചത്.
റോഡിന് കിഴക്കുഭാഗത്തെ വീട്ടിൽ പത്രം കൊടുത്ത ശേഷം മറുവശത്തേക്ക് നീങ്ങുന്നതിനിടെ പത്തനാപുരം ഭാഗത്തുനിന്ന് അതിവേഗത്തിലെത്തിയ പാലക്കാട് സൂപ്പർ ഫാസ്റ്റ് ഇടിക്കുകയായിരുന്നു. മുന്നിൽ കുടുങ്ങിയ സ്കൂട്ടർ 30 മീറ്ററോളം നിരക്കിക്കൊണ്ടു പോയശേഷമാണ് ബസ് നിന്നത്. ഗുരുതരമായി പരുക്കേറ്റ് റോഡിൽ കിടന്ന അജിയെ പത്തനാപുരത്തെയും കൊട്ടാരക്കരയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും മരിച്ചു.