റാന്നി: ഇതുപോലൊരു എംഎൽഎയെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണ് വെച്ചൂച്ചിറ കോളനി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ സോണിയ സജിയുടെ വാക്കുകൾ കരഘോഷത്തോടെയാണ് സഹകൂട്ടുക്കാരും നാട്ടുകാരും സ്വീകരിച്ചത്. മുക്കൂട്ടുതറ ഭാഗത്തുനിന്നും കോളനി സ്കൂളിലേക്ക് വരുന്ന കുട്ടികൾക്ക് യാത്ര സൗകര്യം ഒരുക്കുന്നതിനായി നവോദയ ജംഗ്ഷൻ വരെ എത്തി സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസാണ് ചാത്തൻതറയിലേക്ക് നീട്ടിയത്. ഇതിൻറെ ഉദ്ഘാടനം നിർവഹിച്ച് ചാത്തറയിൽ നിന്നും നവോദയയിലേക്ക് ബസിൽ യാത്ര ചെയ്തു ഇറങ്ങിയപ്പോൾ വിദ്യാർഥികൾ ഒന്നടങ്കം അഡ്വ പ്രമോദ് നാരായൺ എംഎൽഎ യെ സ്വീകരിക്കാൻ അവിടെ എത്തിയിരുന്നു. അപ്പോഴാണ് സോണിയ ഇക്കാര്യം പറഞ്ഞത്. രാവിലെ 8.10 ന് ചാത്തൻ തറയിൽ നിന്നും നവോദയയിലേക്ക് ആരംഭിക്കുന്ന സർവീസിന്റെ ഫ്ലാഗ് ഓഫ് എംഎൽഎ നിർവഹിച്ചു.
ദിവസം 100 രൂപയിൽ അധികം മുടക്കി ഓട്ടോറിക്ഷയും മറ്റും പിടിച്ചായിരുന്നു ഇതുവരെ കുട്ടികൾ സ്കൂളിൽ പോയിരുന്നത്. ചാത്തൻതറയിൽ നിന്നും രാവിലെ ബസ് സർവീസ് ഇല്ലാത്തതിനാൽ ഇവിടെയുള്ള വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും എരുമേലി വഴി ഇരട്ടി ദൂരം സഞ്ചരിച്ച് ചുറ്റിയാണ് ഇപ്പോൾ റാന്നി എത്തിയിരുന്നത്. ഇതിനും ഇതോടെ പരിഹാരമാവുകയാണ്. കുട്ടികളും യാത്രക്കാരും അനുഭവപ്പെടുന്ന യാത്രാക്ലേശം എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് എംഎൽഎ തന്നെ ഇടപെട്ട് പത്തനംതിട്ട ഡിടിഒയുടെ സാന്നിധ്യത്തിൽ സ്കൂൾ അധികൃതരുടെയും നാട്ടുകാരുടെയും യോഗം വിളിച്ചുചേർത്ത് ബസ് സർവീസ് നീട്ടാൻ തീരുമാനിച്ചത്.
ഇതുനോടൊപ്പം മണ്ണടിശാലയിൽ നിന്നും കടുമീൻചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് നീട്ടിയ കെഎസ്ആർടിസി ബസ് സർവീസിന്റെ ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു. മധുരപരഹാരങ്ങൾ നൽകിയാണ് കുട്ടികൾ എംഎൽഎ സ്വീകരിച്ചത്.