തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കിനിടെ നഗരത്തില്‍ കുഴുഞ്ഞുവീണ യാത്രക്കാരന്‍ മരിച്ചു. കടകംപള്ളി സ്വദേശിയായ സുരേന്ദ്രന്‍ (60) ആണ് മരിച്ചത്. കിഴക്കേക്കോട്ട ബസ് സ്റ്റാന്‍ഡില്‍ വച്ച് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഏറെനേരത്തിന് ശേഷം പോലീസ് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ശ്രുശൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുരേന്ദ്രന്റെ മൃതദേഹം ഇപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രി യില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണകാരണത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
അതേസമയം കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ അഞ്ച് മണിക്കൂറായി നടത്തി വന്നിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ജീവനക്കാരുടെ സംഘടന നേതാക്കളും ഡി.സി.പിയുമായി നടത്തിയ ചര്‍ച്ചയിലാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനമായത്. രാവിലെ 9.30 ഓടെയാണ് സമരം തുടങ്ങിയത്. നഗരത്തിലെത്തിയ രോഗികളും പ്രായമായവരും അടക്കമുള്ള ആയിരങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങിയ അവസ്ഥയാണ് ഉണ്ടായത്. ഇത് പലയിടത്തും പ്രതിഷേധങ്ങളിലേക്കും നയിച്ചു. ചിലയിടത്ത് ജനങ്ങള്‍ സ്വകാര്യ വാഹനങ്ങള്‍ അടക്കം തടയുന്ന അവസ്ഥയുമുണ്ടായി.
ആറ്റുകാല്‍ ക്ഷേത്രത്തിലേക്കുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസിനെച്ചൊല്ലിയുണ്ടായ കെഎസ്ആര്‍ടിസി- സ്വകാര്യ ബസ് ജീവനക്കാരുടെ തകര്‍ക്കമാണ് പ്രശ്നങ്ങളിലേക്ക് നയിച്ചത്. എടിഒ ശ്യാം ലോപ്പസിനെ അടക്കം പോലിസ് കസ്റ്റഡിയിലെടുത്തു. ഇതിനെതിരേ പ്രതിഷേധിച്ചുകൊണ്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഫോര്‍ട്ട് പോലിസ് സ്റ്റേഷന്‍ ഉപരോധിച്ചു.
ഇവരെ പിന്നീട് പോലിസ് അറസ്റ്റുചെയ്ത് നീക്കി. പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി നഗരത്തില്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. കിഴക്കേ കോട്ടയില്‍നിന്നുള്ള സിറ്റി സര്‍വീസുകളാണ് നിര്‍ത്തി വെച്ചത്. ബസ്സുകള്‍ റോഡില്‍ നിര്‍ത്തിയിട്ടതിനെത്തുടര്‍ന്ന് നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ദീര്‍ഘദൂര സര്‍വീസുകളും തടസപ്പെട്ടു.