വയനാട്: നഷ്ടപ്പെട്ട സ്വർണ്ണമാല കണ്ടെത്തി ഉടമസ്ഥന് തിരിച്ചേൽപ്പിച്ച് മാതൃകയായി കെഎസ്ആർടിസി ജീവനക്കാർ. സുൽത്താൻ ബത്തേരി ഡിപ്പോയിലെ കണ്ടക്ടർ മുഹമ്മദലി ബീനാച്ചി, ഡ്രൈവർ ഷിജി അമ്പലവയൽ എന്നിവരാണ് ഉടമസ്ഥനെ കണ്ടെത്തി സ്വർണ്ണമാല തിരിച്ചേൽപ്പിച്ച് മാതൃകയായത്. കഴിഞ്ഞ ആഴ്ച മുണ്ടക്കയം സ്വദേശി സുഹൈലും കുടുംബവും കെഎസ്ആർടിസി ബസ് ബുക്ക് ചെയ്ത് ചാലക്കുടിയിലുള്ള ബന്ധു വീട്ടിൽ യാത്ര പോയതാണ്. ചാലക്കുടിയിലുള്ള ബന്ധുവിന്റെ വീട്ടിൽ പോയതിന് ശേഷമാണ് മൂന്നര വയസുകാരി മകളുടെ മാല നഷ്ടപ്പെട്ട വിവരം അറിയാൻ കഴിഞ്ഞത്. വീട്ടിലും വരുന്ന വഴിയിലും അന്വേഷിച്ചുവെങ്കിലും മാല കണ്ടെത്താൻ കഴിഞ്ഞില്ല. അപ്പോഴാണ് തങ്ങൾ യാത്ര ചെയ്ത ബസിൽ മാല നഷ്ടപ്പെട്ടു കാണുമോ എന്ന് സുഹൈലിന് സംശയം തോന്നിയത്. തുടർന്ന് ബുക്ക് ചെയ്ത് യാത്ര ചെയ്തതതിനാല്‍ കണ്ടക്ടറായ മുഹമ്മദ് അലി ബീനാച്ചിയുടെ നമ്പർ വൈവശമുണ്ടായിരുന്നു. ഉടനെ കണ്ടക്ടറെ വിളിച്ചു മാല നഷ്ടപ്പെട്ട വിവരം അറിയിച്ചു. കണ്ടക്ടർ ഉടൻ തന്നെ വിശദമായ വിവരങ്ങൾ ചോദിച്ചു മനസിലാക്കി.
സുഹൈലും കുടുംബവും ഇരുന്ന സീറ്റും പരിസരവും പരിശോധിച്ച് മാല കണ്ടെത്തുകയായിരുന്നു. മാല കിട്ടിയ വിവരം കണ്ടക്ടർ മുഹമ്മദ് നബി ബീനാച്ചി ഡ്രൈവർ ഷിജി എയെയും സുഹൈലിനെ വിളിച്ചുപറയുകയും ചെയ്തു. അടുത്ത സർവ്വീസിൽ കൊടുത്തു വിടണമോ എന്ന് ചോദിച്ചെങ്കിലും നിങ്ങൾ ഇനി വരുന്ന ദിവസം കൊണ്ടുവന്നാൽ മതി എന്ന് യാത്രക്കാരൻ അറിയിച്ചു. പറഞ്ഞത് പോലെ അടുത്ത ഡ്യൂട്ടിയിൽ കണ്ടക്ടർ മുഹമ്മദ് അലി ബീനാച്ചിയും ഡ്രൈവർ ഷിജി അമ്പലവയലും സുൽത്താൻ ബത്തേരിയിൽ നിന്ന് പത്തനംതിട്ടയിലേക്ക് സർവീസ് നടത്തവെ പന്ത്രണ്ടാം തീയതി വൈകിട്ട് കാഞ്ഞിരപ്പള്ളിയിൽ വച്ച് സുഹൈലിനെ കണ്ടെത്തി സ്വർണ്ണ മാല തിരിച്ചേൽപ്പിക്കുകയും ചെയ്തു. മകളുടെ മാല തിരിച്ചു കിട്ടിയ സന്തോഷം കെഎസ്ആര്‍ടിസി ജീവനക്കാരുമായി സുഹൈൽ പങ്കുവയ്ക്കുകയും ചെയ്തു. അർപ്പണ ബോധത്തോടുകൂടിയും സത്യസന്ധതയോടെ പ്രവർത്തിച്ച സുൽത്താൻ ബത്തേരി ഡിപ്പോയിലെ കണ്ടക്ടർ മുഹമ്മദലി ബീനാച്ചിക്കും, ഡ്രൈവർ ഷിജി അമ്പലവയലിനും കെഎസ്ആര്‍ടിസി അധികൃതരും അനുമോദിച്ചു.