തിരുവനന്തപുരം: അഞ്ച് ജീവനക്കാരെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തു. വിവിധ അച്ചടക്കലംഘനങ്ങള്‍ നടത്തിയ വ്യത്യസ്ത ഡിപ്പോകളിലെ ജീവനക്കാര്‍ക്കെതിരെയാണ് നടപടി. ജൂണ്‍ 13 -ന് പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് പുതുതായി ആരംഭിച്ച പൊന്‍കുന്നം – പള്ളിക്കത്തോട് – കോട്ടയം സര്‍വ്വീസ് തുടങ്ങി ഏകദേശം മൂന്ന് കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ഇടിഎം മെഷീന്‍ കേടായതായി പറഞ്ഞ് ആളുകളെ ഇറക്കിവിട്ടതിനാണ് ആദ്യ നടപടി. ഈ സംഭവത്തില്‍ പൊന്‍കുന്നം ഡിപ്പോയിലെ കണ്ടക്ടര്‍ ജോമോന്‍ ജോസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
വൈക്കം ഡിപ്പോയിലെ അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ മുറിയില്‍ അതിക്രമിച്ച് കയറി മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിലാണ് ഡിപ്പോയിലെ കണ്ടക്ടര്‍ ബി. മംഗള്‍ വിനോദിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. മദ്യലഹരിയില്‍ യാത്രക്കാരെ തെറി പറഞ്ഞ സംഭവത്തിലാണ് ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ റെജി ജോസഫിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഏഴ് യാത്രക്കാരുമായി സര്‍വ്വീസ് നടത്തിയ സൂപ്പര്‍ഫാസ്റ്റില്‍ കായംകുളം മുതല്‍ കൊല്ലം വരെ യാത്രക്കാരന് ടിക്കറ്റ് നല്‍കാതെ സൗജന്യ യാത്ര അനുവദിച്ച ആലപ്പുഴ യൂണിറ്റിലെ കണ്ടക്ടര്‍ ഇ ജോമോള്‍, വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് ഹാജരായി ജോലിക്ക് എത്താതിരുന്ന ചങ്ങനാശ്ശേരി ഡിപ്പോയിലെ ഡ്രൈവര്‍ .പി.സൈജു എന്നിവരാണ് നടപടി നേരിട്ട മറ്റുള്ളവര്‍.