ചാരുംമൂട് : കെ.പി. റോഡും കൊല്ലം-തേനി ദേശീയപാതയും സംഗമിക്കുന്ന ചാരുംമൂട്ടിൽ കെ.എസ്.ആർ.ടി.സി. ബസ്സുകളും സ്വകാര്യബസ്സുകളും ഗതാഗതനിയമങ്ങൾ ലംഘിക്കുന്നു. ഈ രണ്ടു റോഡുകളിലുംകൂടി ബസ്സുകളടക്കം നൂറുകണക്കിനു വാഹനങ്ങൾ ദിവസേന ഓടുന്നു. നൂറോളം കെ.എസ്.ആർ.ടി.സി., സ്വകാര്യബസ്സുകളാണ് ഈ റൂട്ടുകളിലോടുന്നത്. ബസ്സുകൾക്ക് റോഡുകളിൽനിന്നുമാറി പാർക്കുചെയ്യാൻ സ്ഥലമില്ലാത്തത് ചാരുംമൂട്ടിലെ ഗതാഗതക്കുരുക്കിനു പ്രധാനകാരണമാണ്. ചാരുംമൂട്ടിൽ നാലുഭാഗത്തായുള്ള കാത്തിരിപ്പുകേന്ദ്രങ്ങളിലേക്ക് ബസ്സുകളെത്താതെ ജംഗ്ഷനില്‍ തന്നെ നിർത്തി യാത്രക്കാരെ ഇറക്കുന്നതാണ് എല്ലാദിവസവും രാവിലെയുണ്ടാകുന്ന പ്രശ്നം. പിന്നാലെയെത്തുന്ന ബസ്സുകൾ റോഡിനു കുറുകെ നിർത്തിയിടുന്നതുമൂലം രണ്ടുറോഡുകളിലും ഗതാഗതസ്തംഭനമുണ്ടാകുന്നു.
അതേപോലെ പകൽസമയം സിഗ്നൽ കാത്തുകിടക്കുന്ന ബസ്സുകളിൽനിന്നു വാതിൽ തുറന്ന് യാത്രക്കാരെ ഇറക്കാൻ ജീവനക്കാർ കാണിക്കുന്ന ധൃതിയും യാത്രക്കാരുടെയും പിന്നാലെവരുന്ന ഇരുചക്രവാഹനയാത്രക്കാരുടെയും ജീവനു ഭീഷണിയാണ്. സിഗ്നലിനുമുൻപേ നിർത്തുന്ന ബസ്സുകളുടെ വാതിൽ നിയമവിരുദ്ധമായി തുറന്ന് സ്റ്റോപ്പുകളിലല്ലാതെ യാത്രക്കാരെ ഇറക്കുന്നതുമൂലം പിന്നാലെവരുന്ന ഇരുചക്രവാഹനങ്ങൾ ബസ്സുകളുടെ വാതിലിലും ബസ്സിൽനിന്നിറങ്ങുന്ന യാത്രക്കാരെയും മുട്ടി അപകടങ്ങളുണ്ടാകുന്നു. മുന്നറിയിപ്പില്ലാതെ ബസ്സിന്റെ വാതിൽ പെട്ടെന്നു തുറന്നപ്പോൾ പിന്നാലെവന്ന സ്കൂട്ടർ ബസ്സിന്റെ വാതിലിൽ തട്ടി കഴിഞ്ഞദിവസം അപകടമുണ്ടായി.
കായംകുളം ഭാഗത്തേക്കുള്ള കാത്തിരിപ്പുകേന്ദ്രത്തിനുമുന്നിൽ ബസ് നിർത്താതെ സിഗ്നൽ ഭാഗത്ത് യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും ജംഗ്ഷനില്‍ ഗതാഗതക്കുരുക്കിനും അപകടങ്ങളുണ്ടാകുന്നതിനും കാരണമാകുന്നു. ജംഗ്ഷന്‍റെ പടിഞ്ഞാറ് കായംകുളത്തിനുള്ള കാത്തിരിപ്പുകേന്ദ്രത്തോടുചേർന്നു കെ.പി. റോഡരികിൽ നിൽക്കുന്ന മരങ്ങളിൽ കൂടുകൂട്ടി വസിക്കുന്ന ദേശാടനപ്പക്ഷികളുടെ കാഷ്ടം യാത്രക്കാരുടെ ദേഹത്തു പതിക്കുന്നതിനാലാണ് ഈഭാഗത്ത് ബസ് നിർത്താത്തതെന്നാണ് ജീവനക്കാർ പറയുന്നത്. നൂറനാട് പോലീസും മാവേലിക്കര ജോയിന്റ് ആർ.ടി.ഒ.യും ചാരുംമൂട്ടിൽ കർശനപരിശോധന നടത്തണമെന്നും നിയമംലംഘിച്ചു സർവീസ് നടത്തുന്ന ബസ്സുകളുടെ പെർമിറ്റ് റദ്ദാക്കണമെന്നും ആവശ്യമുയർന്നു.