പത്തനംതിട്ട : ജില്ലയിൽ കെ.എസ്.ആർ.ടി.സി. ദീർഘദൂര ബസുകൾ ഭക്ഷണത്തിനായി നിലവിൽ നിർത്തുന്നത് കോന്നിയിൽ മാത്രം. പുനലൂർ-മൂവാറ്റുപുഴ റോഡിൽ പ്ലാച്ചേരിയിലും ഏതാനും ബസുകൾ നിർത്തുന്നുണ്ട്. കട്ടപ്പന- തിരുവനന്തപുരം, എറണാകുളം-തെങ്കാശി എന്നീ രാത്രികാല ഫാസ്റ്റ് പാസഞ്ചറുകൾ ഭക്ഷണത്തിനായി കോന്നി ഗുരുവായൂരപ്പൻ ഹോട്ടലിലാണ് നിർത്തുന്നത്. എം.സി. റോഡിൽ അടൂരിൽ പതിവായി നിർത്തിയിരുന്നെങ്കിലും ഇപ്പോഴില്ല. അടൂർ എം.സി.റോഡരികിൽ ഹൈസ്കൂൾ ജംഗ്ഷന് സമീപമുള്ള പുതിയകാവിൽ ചിറയിൽ ഡി.ടി.പി.സി.യുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ പൂട്ടി. കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള ദീർഘദൂര ബസുകളിലെ യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനായി ബസ് നിർത്തിയിരുന്നത് പുതിയകാവിൽ ചിറയിലെ ഹോട്ടലിലായിരുന്നു.
ബൈപ്പാസ് റൈഡർ ബസുകളായിരുന്നു കൂടുതലും നിർത്തിയിരുന്നത്. കൊട്ടാരക്കര കഴിഞ്ഞാൽ ഭക്ഷണം കഴിക്കാനുള്ള ഏക ആശ്രയമായിരുന്നു പുതിയകാവിൽചിറയിലെ ഹോട്ടൽ. ഇപ്പോൾ ഈ ബസുകൾ കോട്ടയം സ്റ്റാൻഡിലാണ് നിർത്തുന്നത്. അടൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ കയറുന്ന വാഹനം ഡിപ്പോയിലെ കാന്റീനിൽനിന്നും ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കാറുണ്ട്. ചിറയിലെ ഹോട്ടൽ നടത്തിയിരുന്നതിന്റെ കരാർ കാലാവധി അടുത്തിടെ അവസാനിച്ചിരുന്നു. പുതിയ കരാർ വിളിച്ചെങ്കിലും വാടക കുത്തനെ കൂട്ടിയതും ഒരുമിച്ച് തുക അടയ്ക്കണം എന്ന വ്യവസ്ഥകൂടി ഡി.ടി.പി.സി. വെച്ചതോടെയാണ് നിലവിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ പൂട്ടാൻ കാരണം.