കൊച്ചി : യാത്രക്കാരോട് മോശമായി പെരുമാറുകയും ക്രമക്കേട് നടത്തുകയും ചെയ്തതിന്റെ പേരില്‍ വിവിധ കേസുകളിലായി കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സിയിലെ 5 ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്. യാത്രക്കാരെ പെരുവഴിയിലാക്കുക, അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസറുടെ മുറിയിലേക്ക് അതിക്രമിച്ചു കയറുക, യാത്രക്കാര്‍ക്ക് നേരെ സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കുക, കായംകുളം മുതൽ കൊല്ലം വരെ നടത്തിയ സർവീസിൽ ഏഴ് യാത്രക്കാർക്ക് ഫ്രീ സർവീസ്, ജോലിയിൽ അവധി ലഭിക്കാനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കൽ, തുടങ്ങിയ വിവിധ കേസുകളിലാണ് ജീവനക്കാർക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്.
കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരായി ഉയരുന്ന ആരോപണങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞദിവസം ഇത് ആദ്യമായി റിപ്പോർട്ട് ചെയ്തതുമല്ല. ഇത്തരം സംഭവങ്ങൾ മലയാളിയെ സംബന്ധിച്ച് കേട്ടുപഴകിയതാണ്. എന്നാൽ ഒരു വകുപ്പിലെ ജീവനക്കാർ മാത്രം സ്ഥിരമായി ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് സർക്കാർ ഗൗരവമായി എടുക്കേണ്ട ഒന്നുതന്നെയാണ്. ശമ്പളമില്ലായ്മ, അധിക ജോലിഭാരം തുടങ്ങിയ പ്രതിസന്ധികളിലൂടെയാണ് കെഎസ്ആർടിസി ജീവനക്കാർ കടന്നു പോകുന്നതെന്ന് ആരെയും പ്രത്യേകം പറഞ്ഞു ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഒരുപക്ഷേ ഇത്തരം പ്രതിസന്ധിയിൽ നിന്നുണ്ടാകുന്ന മാനസികമായ സമ്മർദ്ദങ്ങൾ ആവാം, അല്ലെങ്കിൽ തങ്ങളെ നിയന്ത്രിക്കാൻ ആരുമില്ല എന്ന തോന്നൽകൊണ്ടാകാം ജീവനക്കാരെ ഇത്തരം പ്രവർത്തിയിലേക്ക് തള്ളിവിടുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി അനാവശ്യ വാർത്തകളിൽ ഇടംപിടിച്ച ഒരു വിഭാഗമാണ് കെഎസ്ആർടിസി ജീവനക്കാർ.
ഇത്തരം സമീപനങ്ങൾ ഒഴിവാക്കാനും യാത്രക്കാരോട് മാന്യമായി പെരുമാറുവാനും സന്മാർഗിക പാഠങ്ങൾ, സ്ട്രെസ് റിലീഫ് ക്യാമ്പ് പോലുള്ള വിവിധ തരത്തിലുള്ള പരിശീലന പരിപാടികൾ ജീവനക്കാർക്കായി സംഘടിപ്പിച്ചിരുന്നു. ഇത്തരം പരിശീലന പരിപാടികൾ നിലവിൽ സംഘടിപ്പിക്കുന്നുണ്ടോ ഇല്ലയോ എന്ന് വ്യക്തമല്ലെങ്കിലും ജീവനക്കാരുടെ മനോഭാവത്തിൽ തെല്ലും മാറ്റം വന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ബോർഡും ജീവനക്കാരും സർക്കാരിന്റെ അധീനതയിൽ എന്നുള്ള ധാർഷ്ട്യവും എന്ത് പ്രശ്നമുണ്ടായാലും സർക്കാർ രക്ഷകരായി എത്തും എന്ന തോന്നലുമാണ് കെഎസ്ആർടിസി ജീവനക്കാർക്കിടയിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുവാൻ കാരണമായത്.
ഇത്തരം സംഭവങ്ങളിൽ ഒന്നാം സ്ഥാനത്ത് പ്രതി ചേർക്കപ്പെടേണ്ടത് ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയെ തന്നെയാണ്. കാരണം ഒരു മാനേജ്മെന്റിന് എതിരെ ഇത്ര അധികം ആരോപണങ്ങൾ ഉയർന്നു വരുമ്പോൾ എ ഐ ക്യാമറ പോലുള്ള വിഷയങ്ങളിൽ പ്രതികരിച്ചു നടക്കുന്ന ഒരു മന്ത്രിയെയാണ് ഇന്ന് കേരള ജനത കണ്ടുകൊണ്ടിരിക്കുന്നത്. പൊതുഗതാഗതം മെച്ചപ്പെടുത്തും, കെഎസ്ആർടിസിയെ ലാഭത്തിലാക്കും തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയാണ് സിപിഎം അധികാരത്തിലേറിയത്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൊടുക്കുവാൻ ലോണെടുത്ത് കടത്തിന് മേലെ കടം കയറിയ അവസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോൾ. എന്നാൽ ശമ്പളം കൊടുക്കാൻ തീരുമാനമായത് ഗഡുക്കളായി. ഇത് കൈപ്പറ്റുവാനും ജീവനക്കാർ ഒരുപാട് കാത്തിരിക്കണം. കെഎസ്ആർടിസിയിൽ ഇതുവരെ പൂർണ്ണമായ മാറ്റം കൊണ്ടുവരാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.
എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ജീവനക്കാരെ സസ്പെൻഡ് ചെയ്യുക , എംഡിയെ മാറ്റുക തുടങ്ങിയ സ്ഥിരം നടപടികളാണ് സർക്കാർ നടപ്പിലാക്കുന്നത്. കെഎസ്ആർടിസിയെ പൂർണ്ണമായും നന്നാക്കാൻ മനോഭാവം ഉണ്ടെങ്കിൽ ഭരണപക്ഷം മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള ഒരാളെയായിരുന്നു വകുപ്പിൽ ചുമതലപ്പെടുത്തേണ്ടിയിരുന്നത്. കെഎസ്ആർടിസിക്ക് ചരിത്രപരമായ നേട്ടങ്ങൾ നേടിക്കൊടുത്ത കെ ബി ഗണേഷ് കുമാറിനെപ്പോലുള്ള പ്രഗൽഭരായവർ തങ്ങളുടെ പക്ഷത്ത് ഉണ്ടായിട്ടും അദ്ദേഹത്തെ പരിഗണിക്കാതെ മുന്നണി തമ്മിലുള്ള സീറ്റ് ധാരണ അടിസ്ഥാനത്തിൽ ആന്റണി രാജുവിന് ഭരണം കൈമാറി. എന്നാൽ അദ്ദേഹത്തിന്റെ വകുപ്പിലെ പ്രകടനം വിലയിരുത്താനോ മാറ്റങ്ങൾ കൊണ്ടുവരാനോ സർക്കാർ ഇതുവരെ ശ്രമിച്ചിട്ടില്ല. കെ ബി ഗണേഷ് കുമാർ മികച്ച ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു എന്നതിന് അദ്ദേഹത്തെ മാത്രം അഭിനന്ദിച്ചാൽ മതിയാവില്ല. അന്ന് അദ്ദേഹം ഗതാഗത വകുപ്പ് കൈകാര്യം ചെയ്തത് യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിൽ ആയിരുന്നു. യുഡിഎഫ് സർക്കാരിന്റെ ഏകോപനം ഈ വിജയത്തിന് പിന്നിൽ വളരെ വ്യക്തമാണ്.
എന്നാൽ പിണറായി സർക്കാരിനെ സംബന്ധിച്ച് മരണത്തിലേക്ക് കാലു നീട്ടിയിരിക്കുന്ന ഒരു മാനേജ്മെന്റ് എന്ന പരിഗണന മാത്രമാണ് കെഎസ്ആർടിസിക്ക് നൽകിയത്. മികച്ച രീതിയിൽ ആക്കുക എന്നതിലുപരി മുന്നോട്ട് പോകുന്നത് വരെ ആ വിഭാഗത്തിന് കാര്യസ്ഥന്റെ മേൽനോട്ടം വഹിക്കാൻ ഒരാളെ ചുമതലപ്പെടുത്തുക എന്നതായിരുന്നോ സർക്കാർ ഉദ്ദേശിച്ചത്?. അനാവശ്യ വിവാദങ്ങളിൽപ്പെട്ട് വാർത്തകളിൽ നിറയുന്ന കെഎസ്ആർടിസി ഇതിന് ഉത്തരം നൽകും.