കോന്നി : കെ.എസ്.ആര്‍.ടി.സി തൃശൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വ്വീസ് പുനരാരംഭിക്കണം എം.സി.വൈ.എം കോന്നിയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി നടത്തിയിരുന്ന കോന്നി – തൃശൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വ്വീസ് പുനരാരംഭിക്കണമെന്ന് എം.സി.വൈ.എം കരിമാന്‍തോട് യൂണിറ്റ് ആവശ്യപ്പെട്ടു. കരിമാന്‍തോട്ടില്‍ നിന്നും രാവിലെ തൃശ്യൂര്‍ വരെ പോകുന്ന കെ.എസ്.ആര്‍.റ്റി.സി. ഫാസ്റ്റ് പാസഞ്ചര്‍ ബസ് ലോക്ക് ഡൗണിന്റെ പേരില്‍ പത്തനംതിട്ടയില്‍ നിന്നും സര്‍വ്വീസ് മുടക്കുന്നു.
നിരവധി പരാതികള്‍ നല്‍കിയിട്ടും യാതൊരുവിധ പ്രയോജനവും ഉണ്ടായില്ല. തലേദിവസം രാത്രിയില്‍ പത്തനംതിട്ടയില്‍ നിന്നും പുറപ്പെട്ട് കരിമാന്‍തോട്ടില്‍ സ്റ്റേ ചെയ്ത് പുലര്‍ച്ചെ തൃശ്യൂരിലേക്ക് പോകുന്ന രീതിയിലായിരുന്നു സര്‍വ്വീസ് ക്രമീകരിച്ചിരുന്നത്. രാത്രിയില്‍ പത്തനംതിട്ടയില്‍ നിന്നും കരിമാന്‍തോട്ടിലേക്ക് സര്‍വ്വീസ് നടത്തിയിരുന്ന ഏക സര്‍വീസാണിത്, അതുകൊണ്ട് തന്നെ ദൂരദേശത്തുനിന്നും ജോലി കഴിഞ്ഞ് വൈകി പത്തനംതിട്ടയില്‍ എത്തുന്ന ആളുകള്‍ക്കും പയ്യനാമണ്‍, അതുമ്പുംകുളം, എലിമുള്ളുംപ്ലാക്കല്‍, മണ്ണീറ, തണ്ണിത്തോട്, തേക്കുതോട്, കരിമാന്‍തോട് പ്രദേശവാസികള്‍ക്ക് വീട്ടില്‍ എത്തുവാനുള്ള ഏക ആശ്രയം ആയിരുന്നു ഇത്.
പത്തനംതിട്ടയില്‍ നിന്നോ കോന്നിയില്‍ നിന്നോ രാത്രിയില്‍ ടാക്സി വിളിച്ചാല്‍ വനമാണെന്ന കാരണത്താല്‍ ഇരട്ടിയിലധികം രൂപ മുടിക്കിയാല്‍ മാത്രമേ ഈ മേഖലകളിലേക്ക് വരുവാന്‍ സാധിക്കൂ. അതുപോലെ വെളുപ്പിന് കരിമാന്‍തോട് തേക്കുതോട് തണ്ണിത്തോട് കോന്നി പൂങ്കാവ് പ്രമാടം പത്തനംതിട്ട വഴി ഏറണാകുളം തൃശ്യൂരിലേക്ക് രാവിലെ പോകുവാനുള്ള ഏക ആശ്രയമായിരുന്നു ഈ ബസ്. ദൂരസ്ഥലങ്ങളിലുള്ള ആശുപത്രികളിലേക്കും ഇന്റര്‍വ്യൂവിനും മറ്റും പോകുവാനുള്ള നിരവധി സാധാരണക്കാരായ ആളുകള്‍ ഈ ബസ്സിനെ ആശ്രയിച്ചിരുന്നു.
ഈ ബസ്സ് പുനസ്ഥാപിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നും എം.സി.വൈ.എം കരിമാന്‍തോട് യൂണിറ്റ് ആവശ്യപ്പെട്ട്. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് അധികാരികള്‍ക്ക് നിവേദനം നല്‍കും. യോഗത്തില്‍ എം.സി.വൈ.എം കരിമാന്‍തോട് യൂണിറ്റ് ഡയറക്ടര്‍ ഫാ സെബാസ്റ്റ്യന്‍ ജോണ്‍ കിഴക്കേതില്‍, കരിമാന്‍തോട് യൂണിറ്റ് പ്രസിഡന്റ് ബിനു പി ജോണ്‍, എം.സി.വൈ.എം പത്തനംതിട്ട ഭദ്രാസന സെക്രട്ടറി ലിനു വി ഡേവിഡ് എന്നിവര്‍ പ്രസംഗിച്ചു.