തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ ദീര്‍ഘദൂര കെഎസ്‌ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തുമെന്ന തീരുമാനം സര്‍ക്കാര്‍ തിരുത്തി. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഉടന്‍ പുനഃരാരംഭിക്കേണ്ടെന്ന് ആരോഗ്യവകുപ്പ് അഭിപ്രായപ്പെട്ടു. ഇതിനെത്തുടര്‍ന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ ഇക്കാര്യം ഗതാഗതമന്ത്രിയെ അറിയിക്കുകയായിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം സര്‍വീസുകള്‍ പുനഃരാരംഭിച്ചാല്‍ മതിയെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ഗതാഗതമന്ത്രി മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്‌തു.
സംസ്ഥാനത്ത് കണ്ടെയ്‌ന്‍മെന്റ് സോണുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദീര്‍ഘദൂര പൊതുഗതാഗതം കൂടുതല്‍ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. അന്യ സംസ്ഥാനങ്ങളിലേക്കുള്ള സര്‍വീസും ഇപ്പോള്‍ ഉണ്ടാകില്ല. പൊതുഗതാഗതം ഇല്ലെങ്കിലും കുഴപ്പമില്ല എന്ന നിലപാടിലേക്ക് ജനങ്ങള്‍ എത്തിയെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഇരുചക്ര വാഹനങ്ങളും നാലുചക്ര വാഹനങ്ങളും നിരത്തിലിറങ്ങുന്നത് കൂടിയത് ഇതിന്റെ ഉദാഹരണമാണ്. യാത്രക്കാര്‍ ബസുകളെ ആശ്രയിക്കുക എന്ന രീതി കോവിഡ് കാലത്ത് കുറഞ്ഞു. കൂടുതല്‍ ആളുകള്‍ പൊതുഗതാഗത സംവിധാനത്തെ ഉപേക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഈ പശ്ചാത്തലത്തിലാണ് നഷ്ടമാണെങ്കില്‍ കൂടിയും കെഎസ്‌ആര്‍ടിസി സര്‍വീസ് പുനഃരാരംഭിക്കാനുള്ള തീരുമാനത്തിലേക്ക് ഗതാഗതവകുപ്പ് എത്തിയത്.
സര്‍വീസ് നിര്‍ത്താനൊരുങ്ങുന്ന സ്വകാര്യ ബസുടമകള്‍ നിലപാട് പുനഃപരിശോധിക്കണമെന്നും ഗതാഗതമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് യാത്രാ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണമെന്ന നിലപാടിലേക്ക് ബസ് ഉടമകള്‍ എത്തണം. ഇല്ലെങ്കില്‍ ഇരുചക്ര വാഹനങ്ങള്‍ കൂടും. സിറ്റിബസ്സുകള്‍ ഇല്ലാതാകും. ഇത് കെഎസ്‌ആര്‍ടിസിയേയും ഇല്ലാതാക്കും. പരാമാവധി ചെയ്യാന്‍ കഴിയുന്ന സഹായം സ്വകാര്യ ബസ്സുകള്‍ക്കായി ചെയ്ത് കൊടുത്തിട്ടുണ്ട്. സ്വകാര്യ ബസ് ഉടമകള്‍ക്ക് നികുതി അടയ്ക്കാനുള്ള കാലാവധി രണ്ടു മാസത്തേക്ക് നീട്ടിയതായും നികുതി അടയ്ക്കുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ഏകദേശം 9,000 സ്വകാര്യ ബസ് സര്‍വീസുകളാണ് നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്.