തിരുവനന്തപുരം: തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഫ്ലൈഓവറിൽ വിദ്യാർത്ഥി മരണപ്പെടാൻ ഇടയായ അപകടത്തെ തുടർന്ന് പുറത്താക്കിയ ഡ്രൈവറെ, ചീഫ് ഓഫീസ് അനുമതിയില്ലാതെ ചട്ടം ലംഘിച്ച് ഡ്യൂട്ടിക്ക് നിയോഗിച്ച കെഎസ്ആർടിസി പത്തനാപുരം അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസർ കെ ബി സാമിനെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. മെയ് 12നാണ് തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഫ്ലൈഓവറിൽ കെഎസ്ആർടിസി ബസ് ഉൾപ്പെട്ട അപകടത്തിൽ വിദ്യാർത്ഥി മരിച്ചത്. ഈ സംഭവത്തിന്‍റെ പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഡ്രൈവർ വി. രാഗേഷ് കുമാറിനെ സർവീസിൽ നിന്നും മാറ്റി നിർത്തണമെന്ന എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസിന്റെ ഉത്തരവ് നിലനിൽക്കെയാണ് ഡ്രൈവറെ മേലധികാരികളുടെ നിർദ്ദേശം ഇല്ലാതെ കറക്റ്റീവ് ട്രെയിനിംഗിന് അയക്കുകയും തുടർന്ന് ഡ്യൂട്ടിക്ക് നിയോഗിക്കുകയും ചെയ്തത്. ഈ വാർത്ത മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു.
തുടർന്ന് ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെ നേരിട്ട് നിയന്ത്രണത്തിലുള്ള വിജിലൻസ് വിഭാഗത്തിന്‍റെ പ്രത്യേക സ്ക്വാഡ് അടിയന്തിരമായി അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിൽ കെഎസ്ആർടിസി പത്തനാപുരം യൂണിറ്റിലെ അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസറുടെ ഭാഗത്തുനിന്നും ഗുരുതരമായ മേൽനോട്ടക്കുറവും ഉത്തരവാദിത്വത്തിലെ വീഴ്ചയും സംഭവിച്ചിട്ടുള്ളതായി കണ്ടെത്തുകയും ചെയ്തു. തുടർന്നാണ് പത്തനാപുരം യൂണിറ്റിലെ അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസർ കെ ബി സാമിനെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.