തിരുവനന്തപുരം : കെഎസ്ആർടിസി പെൻഷൻ സംബന്ധിച്ച് ഒരു ധാരണയും ഇല്ലാതെ ധനവകുപ്പും സഹകരണ സംഘം കൺസോർഷ്യവും. സഹകരണ സംഘങ്ങൾ വഴിയാണ് കെഎസ്ആർടിസിയിൽ പെൻഷൻ വിതരണം. ഈ തുക പലിശ സഹിതം സർക്കാർ തിരിച്ചടക്കും. ജൂൺ മാസം അവസാനിച്ച കരാർ ഇതുവരെ പുതുക്കാനായിട്ടില്ല. സർക്കാർ തിരിച്ചടവ് പലിശ 8.50 ശതമാനം വേണമെന്നതാണ് സഹകരണ സംഘങ്ങളുടെ ആവശ്യം. 7.50 ശതമാനം മാത്രമേ നൽകാനാകൂ എന്നാണ് ധനവകുപ്പ് അറിയച്ചത്. ഇതിൽ ധാരണയിലെത്താത്തതിനാൽ 41,000 പെൻഷൻകാരാണ് പെൻഷൻ തുക ലഭിക്കാതെ ദുരിതത്തിലായത്.
അതേസമയം കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ വിതരണം ചെയ്യാത്ത പ്രശ്നത്തിൽ ഹൈക്കോടതി നേരത്തേ ഇടപെട്ടിരുന്നു. ജൂൺ, ജൂലൈ മാസങ്ങളിലെ പെൻഷൻ ഓഗസ്റ്റ് 25നകം നൽകണമെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടിരുന്നു. മറ്റു മാസങ്ങളിലെ പെൻഷൻ ഈ മാസം ആദ്യം തന്നെ നൽകണമെന്നും നിർദേശിച്ചിരുന്നു.