തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ ഈ മാസം 18നകം വിതരണം ചെയ്യുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇതിനായി 140 കോടി രൂപ നൽകിയിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. ഇന്നലെ ഹാജരാകാതിരുന്ന ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും ഓൺലൈനിൽ ഹാജരായി. പെൻഷൻ തുക വിതരണം ചെയ്തില്ലെങ്കിൽ കോടതിയ ലക്ഷ്യ നടപടിക്ക് വിധേയമാകേണ്ടി വരുമെന്ന് ഇന്നലെ ഹർജി പരിഗണിക്കവെ ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ, ഇന്നലെ ഗതാഗത സെക്രട്ടറി മാത്രമാണ് ഹൈക്കോടതിയിൽ ഓൺലൈനായി ഹാജരായത്. മന്ത്രിസഭാ യോഗം നടക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചിരുന്നു. എന്നാൽ, ഗതാഗത സെക്രട്ടറിയിൽ നിന്ന് മാത്രമല്ല സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം കൂടി ഇക്കാര്യത്തിൽ വേണമെന്ന് പറഞ്ഞുകൊണ്ടാണ് ഹർജി ഇന്നത്തേക്ക് മാറ്റിയത്. ചീഫ് സെക്രട്ടറിയും ഓൺലൈനിൽ ഹാജരാകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ന് ഹാജരായി ഈ മാസം പതിനെട്ടിനകം പെൻഷൻ തുക വിതരണം ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്.