കോട്ടയം : കെ.എസ്.ആര്‍.ടി.സിയിലെ ജൂണില്‍ വിതരണം ചെയ്യാനുള്ള പെന്‍ഷന്‍ ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കെ.എസ്.ആര്‍.ടി.സിക്ക് പെന്‍ഷന്‍ നല്‍കാനുള്ള തുക നല്‍കിവന്നിരുന്ന പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയുമായുള്ള കരാര്‍ മേയില്‍ അവസാനിച്ചിരുന്നു.
അത് ഒരുമാസത്തേക്ക് പുതുക്കാനുള്ള ഉത്തരവില്‍ കെ.എസ്.ആര്‍.ടി.സി സി.എം.ഡി, സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് എം.ഡി, ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ് അഡീഷനല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ തിങ്കളാഴ്ച ഒപ്പുവെച്ചു. ഇതോടെ പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റി വഴി പെന്‍ഷന്‍ വിതരണത്തിന് വേണ്ട 65.84 കോടി രൂപ ലഭ്യമായതായും മന്ത്രി അറിയിച്ചു. 2018 മുതല്‍ പെന്‍ഷന്‍ വിതരണം നടത്തിയ ഇനത്തില്‍ പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റികള്‍ക്ക് ഇതുവരെ 2432 കോടി രൂപ സര്‍ക്കാറില്‍നിന്നും തിരിച്ചടവ് നടത്തിയതായും മന്ത്രി അറിയിച്ചു.