ശബരിമല : ശബരിമല തീര്‍ഥാടനത്തിനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. ബസുകളുടെ ബ്രേക്ക് ഡൗണ്‍ നിരക്കില്‍ ആശങ്ക. മുന്‍ വര്‍ഷങ്ങളിലേക്കാള്‍ 60% വര്‍ധനവാണ് കെ.എസ്.ആര്‍.ടി.സിയുടെ ബ്രേക്ക് ഡൗണ്‍ നിരക്ക്. അന്തര്‍സംസ്ഥാന ബസുകളുടെ ബ്രേക്ക് ഡൗണ്‍ നിരക്കും വര്‍ധിച്ചിട്ടുണ്ട്. ശബരിമല സീസണില്‍ ആദ്യഘട്ടത്തില്‍ 383 ബസും രണ്ടാംഘട്ടത്തില്‍ 550 ബസുമാണ് കെ.എസ്.ആര്‍.ടി.സി. ക്രമീകരിക്കുക. തിരക്ക് അനുസരിച്ച് ബസുകള്‍ വര്‍ധിപ്പിക്കാനുമാണ് കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം.
പമ്പയിലേക്ക്-200, പമ്പ-ത്രിവേണി സര്‍വീസിന്-3, ചെങ്ങന്നൂരിലേക്ക്-70, കോട്ടയം-40, എറണാകുളം-30, പത്തനംതിട്ട-23, കൊട്ടാരക്കര-20, എരുമേലി-18, കുമളി-17, പുനലൂര്‍-10, തിരുവനന്തപുരം സെന്‍ട്രല്‍-8. എന്നിങ്ങനെയാണ് കെ.എസ്.ആര്‍.ടി.സിയുടെ സര്‍വീസുകള്‍.
തീര്‍ഥാടനത്തിനു മുന്നോടിയായി വിവിധ ഡിപ്പോകളില്‍ ബസുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിവരുന്നതായാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറയുന്നത്. വിവിധ ഡിപ്പോകളില്‍ നിന്നു ഏറ്റവും മികച്ച ബസുകളാണ് ശബരിമല തീര്‍ഥാടനത്തിനായി നിയോഗിച്ചിരിക്കുന്നത്. അതേസമയം, നല്ല ബസുകള്‍ ശബിമല തീര്‍ഥാടനത്തിന്റെ ഭാഗമാകുന്നതോടെ വിവിധ ഡിപ്പോകളിലെ റൂട്ടുകളില്‍ സ്ഥിരം ബ്രേക്ക് ഡൗണാകുന്ന ബസുകള്‍ ഉപയോഗിക്കേണ്ടി വരും. കാലപ്പഴക്കം ചെന്ന ബസുകളാണു സൂപ്പര്‍ഫാസ്റ്റ് സര്‍വീസായി നടത്തുന്നത്. സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഓഡിനറി സര്‍വീസുകളായി മാറ്റണമെന്നാണ് ചട്ടം. അടുത്തിടെ 15 വര്‍ഷ കാലാവധി കഴിഞ്ഞ ആയരത്തിലധികം ബസുകള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടി നല്‍കിയിരുന്നു.