പാലക്കാട്: കെഎസ്ആർടിസി പാലക്കാട് ഡിപ്പോയിലെ ‘മിന്നൽ’ അടക്കമുള്ള ദീർഘദൂര ബസുകൾ സ്വകാര്യപമ്പിൽനിന്ന് ഇന്ധനമടിക്കേണ്ടെന്ന് കെഎസ്ആർടിസി. സ്വകാര്യ പമ്പുകളിൽനിന്ന് ബസുകൾ ഡീസൽ നിറയ്ക്കുന്നതു വഴി കെഎസ്ആർടിസിക്ക് വലിയ നഷ്ടമുണ്ടാക്കുന്നെന്ന പരാതിയെത്തുടർന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ നേരിട്ട് ഇടപെട്ടാണ് നടപടി സ്വീകരിച്ചത്. പാലക്കാട്ടുനിന്ന് മൂകാംബിക, കന്യാകുമാരി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന മിന്നൽ ബസുകൾക്കും ബെംഗളൂരുവിലേക്കുള്ള ഡീലക്സ് ബസിനും പാലക്കാട്ടെ സ്വകാര്യപമ്പിൽനിന്ന് ഡീസൽ നിറയ്ക്കാനാണ് അനുവാദം നൽകിയിട്ടുള്ളത്. ഈ ബസുകൾക്കായി ദിവസേന 400 ലിറ്ററോളം ഡീസൽ വേണ്ടിവരും.
ഇതിനുപുറമേ ചിലസമയങ്ങളിൽ ജില്ലയിലെത്തുന്ന മറ്റ് ദീർഘദൂര ബസിനും പാലക്കാട്ടുനിന്ന് ഇന്ധനം നിറയ്ക്കാൻ സൗകര്യം ചെയ്തുകൊടുക്കാറുണ്ട്. ഇതടക്കം ദിവസവും 1,000 ലിറ്റർ ഡീസലാണ് സ്വകാര്യപമ്പിൽനിന്ന് നിറയ്ക്കുന്നത്. ലിറ്ററിന് മൂന്നുരൂപവരെ അധികംനൽകി ഇന്ധനം നിറയ്ക്കുന്നതിനാൽ ദിവസം 3,000 രൂപയും മാസം 90,000 രൂപയുമാണ് കെഎസ്ആർടിസി പാലക്കാട് ഡിപ്പോയ്ക്ക് നഷ്ടം. കെഎസ്ആർടിസിക്കുവേണ്ടിയുള്ള സംസ്ഥാനത്തെ ഏത് പമ്പിൽനിന്നും കെഎസ്ആർടിസി ബസുകൾക്ക് ഇന്ധനം നിറയ്ക്കാൻ സൗകര്യമുള്ളപ്പോഴാണ് ഈ അനാസ്ഥ. പിന്നാലെ കെഎസ്ടി എംപ്ലോയീസ് സംഘും (ബിഎംഎസ്) പരാതി നൽകി. വിഷയം ഗതാഗത വകുപ്പിന്റെയും മന്ത്രിയുടെയും ശ്രദ്ധയിൽപ്പെട്ടതോടെയാണ് മിന്നൽബസുകൾ സ്വകാര്യപമ്പിൽനിന്ന് ഇന്ധനമടിക്കേണ്ടെന്ന് അറിയിച്ചത്.
മിന്നൽ ബസുകളെ ഒഴിവാക്കിയതോടെ സ്വകാര്യപമ്പിൽനിന്ന് നിറയ്ക്കുന്ന ഡിസലിന്റെ ആകെ അളവിലും ഗണ്യമായ കുറവുണ്ടായി. ആഴ്ചകൾക്കുമുമ്പ് ഡിപ്പോയിലെ എല്ലാ ബസുകൾക്കുമായി ദിവസം ശരാശരി 3,300 ലിറ്റർ അടിച്ചിരുന്നിടത്ത് ഇപ്പോൾ 2,300 ലിറ്ററായി കുറഞ്ഞു. ഡിപ്പോയിൽനിന്ന് കോയമ്പത്തൂർ, പൊള്ളാച്ചി, നെല്ലിയാമ്പതി, പഴനി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ ഇപ്പോഴും സ്വകാര്യ പമ്പിൽനിന്നാണ് ഡീസൽ നിറയ്ക്കുന്നത്. ഇതൊഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും ബിഎംഎസും പ്രതിഷേധിച്ചിരുന്നു.