കോന്നി : തണ്ണിത്തോട് പഞ്ചായത്തിലേക്ക് കെഎസ്ആർറ്റിസി സർവീസ് പുനരാരംഭിക്കണം എന്നാവശ്യപെട്ട് സേവ് കെഎസ്ആർറ്റിസി ജനകീയ കൂട്ടായ്മ നടത്തിയ സമരത്തിന്റെ ഫലമായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുമെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചതായി ഭാരവാഹികൾ അറിയിച്ചു. സർവീസുകൾ ആരംഭിക്കുന്നതുമായി ബന്ധപെട്ട് തീരുമാനം എടുക്കുന്നതിന് ഗതാഗത മന്ത്രി എംഎൽഎയുടെയും കെഎസ്ആർറ്റിസി ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കുവാനാണ് തീരുമാനമായത്. സമര പരിപാടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ജനകീയ കൂട്ടായ്മ സമര സമിതി യോഗങ്ങൾ ചേർന്നു. സർവീസ് പുനരാരംഭിക്കാൻ വൈകുന്ന പക്ഷം 1500 പേരെ പങ്കെടുപ്പിച്ച് ഫെബ്രുവരി 3ന് കെ എസ് ആർ റ്റി സി പത്തനംതിട്ട ഡിപ്പോയിലേക്ക് മാർച്ച് നടത്താൻ യോഗം തീരുമാനിച്ചു. ഇതിനായി വാർഡ് തല യോഗങ്ങൾ പൂർത്തീകരിച്ച് പതിനായിരം പേർ ഒപ്പിട്ട നിവേദനം മന്ത്രിക്ക് സമർപ്പിക്കും.
സമരപരിപാടികളുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും നോട്ടീസ് വിതരണം ചെയ്യുവാനും യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം തണ്ണിത്തോട് മൂഴി എസ് എൻ ഡി പി ഹാളിൽ ചേർന്ന ജനകീയ കൂട്ടായ്മയിൽ നിരവധി ആളുകൾ ആണ് പങ്കെടുത്തത്. ഇതിന് മുന്നോടിയായി വാഹന പ്രചരണ റാലിയും നടത്തിയിരുന്നു. കോവിഡിനെ തുടർന്ന് സർവീസ് അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് ഈ സർവീസുകൾ പുനരാരംഭിച്ചതുമില്ല. പിന്നീട് നിരവധി രാഷ്ട്രീയ കക്ഷികളും തണ്ണിത്തോട് പഞ്ചായത്ത് ഭരണ സമിതിയുമടക്കം സമരങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതിനെല്ലാം ഒടുവിലാണ് ജനകീയ സമരവുമായി ജനങ്ങൾ മുന്നോട്ട് വന്നത്.