ചെങ്ങന്നൂർ : ശബരിമലയിൽ അയ്യപ്പഭക്തരുടെ തിരക്കേറിയതോടെ കെ.എസ്.ആർ.ടി.സി. ചെങ്ങന്നൂര്‍ – പമ്പ ട്രിപ്പുകളുടെ എണ്ണം കൂട്ടുന്നു. 150 ട്രിപ്പുകളെങ്കിലും നടത്താനാണു തീരുമാനം. മണ്ഡലപൂജ അടുക്കുന്നതോടെ തിരക്ക് ഇനിയും വർധിച്ചേക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ കൂടുതൽ ബസുകളെത്തിച്ച് സർവീസ് നടത്തും. നവംബർ 15 മുതൽ 31 വരെയുള്ള കാലയളവിൽ പമ്പാ സർവീസിൽനിന്ന് 1,17,57,766 രൂപ വരുമാനമായി ലഭിച്ചു. നിലവിൽ 64 ബസുകളാണു പമ്പാ സർവീസിനുള്ളത്. നവംബർ 15 മുതൽ 31 വരെ 74,799 തീർഥാടകർ യാത്രചെയ്തു. ഇവർക്കായി 716 ട്രിപ്പുകൾ ഓടിച്ചു. മുൻ വർഷത്തെക്കാളും ട്രിപ്പുകളുടെയും തീർഥാടകരുടെയും വരുമാനത്തിലും വർധനയുണ്ട്.
അയ്യപ്പഭക്തർ ഏറ്റവും കുടുതലുള്ള ചെന്നൈ, ശബരി, കേരള എക്സ്‌പ്രസുകളുടെ സമയത്തിനനുസരിച്ച് കൂടുതൽ ബസുകൾ പമ്പയ്ക്കുപോകാൻ തയ്യാറാക്കിനിർത്തും. ഒരു തീവണ്ടിക്കു 10 ബസ് എന്ന കണക്കിലാണ് സർവീസ് ക്രമീകരിക്കുന്നത്. രണ്ടരമണിക്കൂർകൊണ്ട് പമ്പയിലെത്തുന്ന ബസ് അവിടെനിന്ന് തിരിച്ച് തീർഥാടകരുമായി അപ്പോൾത്തന്നെ മടങ്ങുകയാണെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ പറഞ്ഞു. തിരക്കില്ലെങ്കിൽ മാത്രമേ ബസുകൾ പിടിച്ചിടാറുള്ളുയെന്നും അധികൃതർ വ്യക്തമാക്കി. ഇതുവരെ പമ്പാ സർവീസുമായി ബന്ധപ്പെട്ട് കാര്യമായ പരാതികളൊന്നും ഉണ്ടായിട്ടില്ല. അതേസമയം മണ്ഡലപൂജ സമയത്ത് കൂടുതൽ ബസുകൾ എത്തിച്ച് സർവീസുകൾ നടത്തിയില്ലെങ്കിൽ തീർഥാടകർ പ്രയാസപ്പെടും.