കോട്ടയം : ആവശ്യത്തിന് ബസുകളില്ലാതെ യാത്രക്കാരും വരുമാനമില്ലാതെ കെ.എസ്.ആര്.ടി.സിയും നട്ടംതിരിയുന്നതിനിടെ ഓപ്പറേഷന് മേധാവിക്ക് അടിക്കടി സ്ഥലം മാറ്റം. 2020 ജൂണ്‍ മുതല്‍ ഇതുവരെ അഞ്ചുപേരാണ് ഈ തസ്തികയിലിരുന്നത്. കെ.എസ്.ആര്.ടി.സിയുടെ വരുമാനത്തില്‍ 90 ശതമാനത്തില്‍ കൂടുതല്‍ ലഭിക്കുന്നത് ടിക്കറ്റില്നിന്നാണ്. ആവശ്യത്തിന് ബസുകള്‍ ഓടിച്ച് വരുമാനമുണ്ടാക്കേണ്ടതും യാത്രക്ലേശം ഇല്ലാതാക്കേണ്ടതും ഓപ്പറേഷന്‍സ് വിഭാഗം എക്സി. ഡയറക്ടറുടെ ചുമതലയാണ്.
2020 ജൂണില്‍ നിലവിലെ സി.എം.ഡി ബിജു പ്രഭാകര്‍ ചുമതലയേല്‍ക്കുമ്പോള്‍ ഷറഫ് മുഹമ്മദായിരുന്നു ഈ തസ്തികയില്‍. രണ്ടുമാസത്തിനകം തിരുവനന്തപുരം സൗത്ത് സോണ്‍ മേധാവി അനില്‍ കുമാറിനായി ചുമതല. രണ്ടുമാസം തികക്കാന്‍ അനില്‍ കുമാറിന് ഭാഗ്യമുണ്ടായില്ല. മെക്കാനിക്കല്‍ വിഭാഗം എക്സി. ഡയറക്ടറായിരുന്ന സുകുമാരന്‍ ഓപ്പറേഷന്‍സിന്റെ ചുമതല നല്കി. അധികം വൈകും മുമ്പ് ചന്ദ്രബാബുവായി ഇ.ഡി ഓപ്പറേഷന്. ഈ മാസം 28ന് ഇറക്കിയ ഉത്തരവ് അനുസരിച്ച് അറ്റകുറ്റപ്പണികളുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന് പ്രദീപ്കുമാറാണ് പുതിയ മേധാവി.
സ്പെയര്‍പാര്‍ട്സ് വാങ്ങിയതില്‍ അഴിമതി ആരോപിച്ച് നിലവിലെ സി.എം.ഡി സ്ഥലംമാറ്റിയ ഉദ്യോഗസ്ഥന് പോലും പിന്നീട് ഓപപ്പറേഷന്സ് വിഭാഗം മേധാവി സ്ഥാനത്ത് എത്തിയെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ആയിരക്കണക്കിന് ബസുകള്‍ ഓടിക്കാതെ കിടക്കുന്നതും ഓര്‍ഡിനറി ബസുകള്‍ കുറഞ്ഞതും ഇൗ തസ്തികയില്‍ സ്ഥിരം നിയമനം ആര്‍ക്കും നല്‍കാത്തതിനാലാണെന്നും അവര്‍ ആരോപിക്കുന്നു. നേരത്തെ പോളിടെക്നിക് യോഗ്യതയുള്ളയാളെ ഭരണവിഭാഗം എക്സി. ഡയറക്ടറാക്കിയത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍, ഈ ഉദ്യോഗസ്ഥനെ കോര്‍പ്പറേഷന്റെ സാമ്പത്തിക ഉപദേശകനും ചീഫ് അക്കൗണ്ട് ഓഫിസറുമായി നിയമിക്കുന്നതാണ് പിന്നീട് കണ്ടത്.