തിരുവനന്തപുരം : കഴിഞ്ഞ ദിവസമാണ് കെ.എസ്.ആർ.ടി.സിയുടെ സിഎംഡിയായ ബിജു പ്രഭാകർ തന്നെ ആ സ്ഥാനത്തു നിന്നും നീക്കിത്തരണമെന്ന് ചീഫ് സെക്രട്ടറി വി വേണുവിനോട് ആവശ്യപ്പെട്ടത്. ഏറെ പ്രതീക്ഷയോടെ ഏറ്റെടുത്ത ദൗത്യം തന്നെക്കൊണ്ട് പൂർത്തീകരിക്കാൻ കഴിയില്ല എന്ന വിശ്വാസമാണ് ബിജു പ്രഭാകറിനെ ഈ നിലപാടിലേക്ക് എത്തിച്ചത്. ഇതിനൊപ്പം ശമ്പള വിതരണത്തിലെ പ്രതിസന്ധിയും അത് മറികടക്കാന്‍ കൊണ്ടുവന്ന സംവിധാനവുമെല്ലാം പാളിയതോടെയാണ് ബിജു പ്രഭാകർ സ്ഥാനമൊഴിയുന്നതിന് സന്നദ്ധത പ്രകടിപ്പിച്ചത്. തന്റേത് അധിക ചുമതലയാണെന്നും കെഎസ്ആർടിസിക്ക് പ്രത്യേകം ഒരു സിഎംഡിയെ നിയമിക്കുന്നതാണ് ഉചിതമെന്നും പറഞ്ഞ് തലയൂരുവാനാണ് പ്രഭാകർ തുനിഞ്ഞത്.
കെ.എസ്.ആർ.ടി.സിയുടെ സി എം ഡി സ്ഥാനം ഒഴിയുന്ന ആദ്യ ആളൊന്നുമല്ല ബിജു പ്രഭാകർ. അദ്ദേഹത്തെക്കാൾ ആവേശം തുള്ളി വന്നവരും കെട്ടി ഇറക്കിയവരും വന്നതിനേക്കാൾ വേഗത്തിൽ ഒഴിവാക്കി പോയ ഒരു കസേരയാണ് കെ.എസ്.ആർ.ടി.സി സിഎംഡിയുടേത്. പ്രത്യേകിച്ച് നേട്ടമൊന്നുമില്ലാതെ സര്‍ക്കാര്‍ ചുമക്കുന്ന ഭാരമാണ് കെഎസ്ആര്‍ടിസി എന്ന് ആരോപിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അത്യാവശ്യമായി ഒരു ദീര്‍ഘദൂര യാത്രക്കോ അടിയന്തിര ഘട്ടങ്ങളിലോ കെഎസ്ആര്‍ടിസിയോളം സുഗമമായ മറ്റൊരു യാത്ര മാർഗമില്ല എന്നതാണ് വാസ്തവം. മുമ്പ് യുഡിഎഫ് ഭരണകാലത്ത് കെ.ബി ഗണേഷ് കുമാര്‍ ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ കെഎസ്ആര്‍ടിസിയില്‍ നേരിയ രീതിയില്‍ ശുഭസൂചനകള്‍ കണ്ടുതുടങ്ങിയിരുന്നു. എന്നാല്‍ പിന്നീട് കെഎസ്ആർടിസി പഴയ ട്രാക്കിലേക്ക് എത്തിയില്ല എന്നത് വാസ്തവമാണ്. മന്ത്രിമാരും ഓരോ ആണ്ടിലും മാനേജ്മെന്റ് തലവന്‍മാരും മാറിമാറി വന്നപ്പോഴും കെഎസ്ആർടിസിയുടെ നില മെച്ചപ്പെട്ടില്ല. അത് ഖജനാവ് തിന്നുമുടിക്കുന്ന വെള്ളാനയായി തുടര്‍ന്നു.
ജീവനക്കാരുടെ മോശം പെരുമാറ്റം, യൂണിയനുകളുടെ തമ്മിലടി, പദ്ധതികള്‍ പൂര്‍ണതോതില്‍ നടപ്പിലാക്കുന്നതിലെ പരാജയം തുടങ്ങി കെഎസ്ആര്‍ടിസിയുടെ മോശം അവസ്ഥയ്ക്ക് നിരവധി കാരണങ്ങള്‍ ഇതിനോടകം തന്നെ കണ്ടെത്തിക്കഴിഞ്ഞു. ഇതിനൊപ്പം തന്നെ ഇനിയും കണ്ടെത്താത്ത കാരണങ്ങളും അനേകമുണ്ട്. എന്നാല്‍ ശമ്പളമില്ലായ്മ, അധിക ജോലിഭാരം തുടങ്ങിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കെഎസ്ആർടിസി ജീവനക്കാരുടെ അവസ്ഥയും കാണാതിരിക്കാനാവില്ല. ഇതിനുപുറമേ സി എം ഡി രാജികൂടി പ്രഖ്യാപിച്ചപ്പോൾ കെഎസ്ആർടിസി അതിന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെ തന്നെയാണ് കടന്നു പോകുന്നത് വ്യക്തമാണ്.