തിരുവനന്തപുരം : ടിക്കറ്റേതര വരുമാനം ലക്ഷ്യമിട്ട് തിരുവനന്തപുരത്തെ വികാസ് ഭവന്‍ ഡിപ്പോ കെ.എസ്.ആര്‍.ടി.സി കിഫ്ബിക്ക് കൈമാറുന്നു. സ്ഥലം മുപ്പതുവര്‍ഷത്തെ പാട്ടത്തിനെടുത്ത് ആസ്ഥാനമന്ദിരവും നൂറ് കോടിയുടെ വാണിജ്യസമുച്ചയവും നിര്‍മിക്കുകയാണ് കിഫ്ബിയുടെ ലക്ഷ്യം. സ്വന്തം സ്ഥലത്ത് കെ.ടി.ഡി.എഫ് സി നിര്‍മിച്ച നാല് ബസ് ടെര്‍മിനലുകളും ബാധ്യതയാണെന്നിരിക്കെയാണ് കെ.എസ്.ആര്‍.ടി.സിയുടെ പുതിയ പാട്ടക്കരാര്‍.
നിയമസഭ മന്ദിരത്തിന് സമീപത്താണ് മൂന്നരേക്കറോളം വരുന്ന വികാസ് ഭവന്‍ ഡിപ്പോ. ഇവിടെ നൂറുകോടി രൂപ മുടക്കി കിഫ്ബി ആസ്ഥാനമന്ദിരവും വാണിജ്യസമുച്ചയവും നിര്‍മിക്കും. ഫുഡ് കോര്‍ട്ട്,സിനിമ തീയേറ്റര്‍,ലേഡീസ് ഹോസ്റ്റല്‍,പാര്‍ക്കിങ് സംവിധാനം എന്നിവ വാണിജ്യസമുച്ചയത്തിലുണ്ടാകും. ഇവിടെയുള്ള ഇന്ധന പമ്പ് പൊതുജനങ്ങള്‍ക്കായും തുറന്നുകൊടുക്കും. ഇവയില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന്റ പകുതി കിഫ്ബി കെ.എസ്.ആര്‍.ടി.സിക്ക് നല്‍കുമെന്നാണ് ഇപ്പോഴത്തെ ധാരണ. ഇതിന് പുറമെ ബസ് ഓപ്പറേഷനും ഓഫീസ് പ്രവര്‍ത്തിക്കാനുമുള്ള സൗകര്യവും നല്‍കും. കഴിഞ്ഞ ദിവസം ചേര്‍ന്ന കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ബോര്‍ഡ് യോഗം ഇത് തത്വത്തില്‍ അംഗീകരിച്ചു.
ഇത് സംബന്ധിച്ച് ബജറ്റില്‍ പ്രഖ്യാപനമുണ്ടാകും സമാനമായ രീതിയില്‍ കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലത്ത് കെ.ടി.ഡി.എഫ്.സി നിര്‍മിച്ച തമ്പാനൂരിലേയും അങ്കമാലിയിലേയും കോഴിക്കോട്ടേയും തമ്പാനൂരേയും സമുച്ചയങ്ങള്‍ കെ.എസ്.ആര്‍.ടി.സിക്കിന്ന് ബാധ്യതയാണ്. തമ്പാനൂരില്‍ ബസ് പാര്‍ക്ക് ചെയ്യാന്‍ പോലുമുള്ള സ്ഥലം ടെര്‍മിനലില്‍ നല്‍കിയിട്ടില്ല. പുറത്ത് മണിക്കൂറോളം മഴയും വെയിലുമേറ്റ് ബസ് പിടിക്കേണ്ട ഗതികേടിലാണ് ഇവിടെയെത്തുന്ന യാത്രക്കാര്‍.